കൂട്ടാളിയുടെ വീട്ടിൽനിന്ന് പിടിച്ചത് 21 കോടി; അധ്യാപക നിയമന അഴിമതിയിൽ ബംഗാൾ മന്ത്രി അറസ്റ്റിൽ
text_fieldsകൊൽക്കത്ത: സ്കൂൾ അധ്യാപക നിയമന അഴിമതി കേസിൽ തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാൾ വാണിജ്യ വ്യവസായ മന്ത്രിയുമായ പാർഥ ചാറ്റർജിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി)അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മുതൽ 26 മണിക്കൂർ ചോദ്യം ചെയ്തതിനൊടുവിലാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. തുടർന്ന് ബാങ്ക്ഷാൾ കോടതിയിൽ ഹാജരാക്കിയ മന്ത്രിയെ രണ്ടു ദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു. 2014-21 കാലയളവിൽ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയർന്നത്. വെള്ളിയാഴ്ച ഇ.ഡി നടത്തിയ പരിശോധനയിൽ ചാറ്റർജിയുടെ കൂട്ടാളിയും മോഡൽ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 21 കോടി രൂപ പിടിച്ചെടുത്തിരുന്നു.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഇത് ബി.ജെ.പി ഗൂഢാലോചനയാണെന്നും ഇ.ഡിയുടെ വലയിൽപെടാതെ കാറിൽ രക്ഷപ്പെട്ട അർപ്പിത മുഖർജി വാർത്തലേഖകരോട് പറഞ്ഞു. പാർഥ ചാറ്റർജിയെ നേരത്തേ സി.ബി.ഐ രണ്ടു വട്ടം ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ പ്രതികരിക്കാതിരുന്ന ടി.എം.സി വൈകീട്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വസതിയിൽ യോഗം ചേർന്നു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്നും ഉചിത സമയത്ത് പ്രതികരിക്കുമെന്നും ടി.എം.സി വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ലോക്സഭയിലേയോ അല്ലെങ്കിൽ നിയമസഭയിലേയോ സ്പീക്കറെ അറിയിക്കേണ്ടതായിരുന്നുവെന്നും ഭരണഘടനാപരമായി അതാണ് ശരിയെന്നും സ്പീക്കർ ബിമൻ ബാനർജി പ്രതികരിച്ചു. തനിക്ക് ഇതുവരെ അറസ്റ്റിനെപ്പറ്റി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാബിനറ്റ് മന്ത്രിയുടെ അറസ്റ്റിനെപ്പറ്റി മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ടി.എം.സി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു. 21 കോടി മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.