ഡൽഹിയല്ല ബംഗാൾ: ‘ഗോലി മാരോ’ മുദ്രാവാക്യങ്ങൾ അനുവദിക്കില്ലെന്ന് മമത
text_fieldsകൊൽക്കത്ത: ഡൽഹിയിൽ കലാപത്തിന് വഴിയൊരുക്കിയ വിദ്വേഷ മുദ്രാവാക്യങ്ങൾ പശ്ചിമബംഗാളിൽ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലേതു പോലെ ‘ഗോലി മാരോ’ മുദ്രാവാക്യങ്ങൾ ബംഗാളിൽ അനുവദിക്കാൻ കഴിയില്ല. ഇത് ഡൽഹിയല്ലെന്ന് ഓർക്കണമെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മമത ബാനർജി തുറന്നടിച്ചു.
കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ അമിത് ഷാ പങ്കെടുത്ത റാലിയിലാണ് ‘ഗോലി മാരോ സാലോം കോ’ (അവരെ വെടിവെച്ചു കൊല്ലൂ) എന്ന മുദ്രാവാക്യം മുഴക്കിയത്. പരിപാടി നടന്ന കൊൽക്കത്ത ഷാഹിദ് മിനാർ മൈതാനത്തേക്ക് ബി.ജെ.പി പതാകയുമായി വന്ന അണികളാണ് വിദ്വേഷ മുദ്രാവാക്യങ്ങൾ വിളിച്ചത്.
കൊൽക്കത്തയിലെ തെരുവുകളിൽ ‘അവരെ വെടിവെച്ചിടൂ’ എന്ന മുദ്രാവാക്യം ഉയർന്നതിൽ അപലപിക്കുന്നു. ഇത് ഡൽഹിയല്ല, ഞങ്ങൾ അത് അനുവദിക്കുകയുമില്ല. നിയമം അതിെൻറ വഴിക്ക് നീങ്ങും. ആരെങ്കിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെങ്കിൽ അവർ അതിെൻറ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. പൊലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തു കഴിഞ്ഞു -മമത ബാനർജി വ്യക്തമാക്കി.
ഡൽഹി കലാപം ആസൂത്രിക വംശഹത്യയാണ്. ഡൽഹി പൊലീസിെൻറ നിയന്ത്രണം കേന്ദ്രസർക്കാറിനാണെന്നത് എല്ലാവർക്കും അറിയാം. സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, കരസേന എന്നീ സേനകൾ ഉണ്ടായിട്ടും എങ്ങനെയാണ് ഇത് സംഭവിച്ചത്. 700ഓളം കലാപബാധിതരെ കാണാതായിട്ടുണ്ട്. അവർ സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു.
ഗുജറാത്ത് മോഡൽ വംശഹത്യയാണ് ബി.െജ.പി ഡൽഹിയിലും ആസൂത്രണം ചെയ്തതെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.