ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ തുടങ്ങി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 73,887 സീറ്റിലേക്ക് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിനായി 339 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 63,229 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കും 9,730 പഞ്ചായത്ത് സമിതി സീറ്റുകളിലേക്കും 928 ജില്ല പരിഷത്ത് സീറ്റുകളിലേക്കുള്ള ജനവിധി ഇന്നറിയാം. ത്രിതല പഞ്ചായത്തുകളിൽ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരിച്ചത്. 5.67 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 66.28 ശതമാനമായിരുന്നു പോളിങ്.
വ്യാപക അക്രമം നടന്ന 697 ബൂത്തുകളിൽ കഴിഞ്ഞ ദിവസം റീപോളിങ് നടത്തിയിരുന്നു. മുർഷിദാബാദ് (175), മാൽഡ (112), നാദിയ (89), നോർത്ത് 24 പാർഗാനാസ് (46), സൗത്ത് 24 പാർഗാനാസ് (36) എന്നിങ്ങനെയാണ് റീപോളിങ് നടന്ന ബൂത്തുകളുടെ എണ്ണം. കുച്ച്ബിഹാറിലെ 32 ബൂത്തുകളിൽ ഞായറാഴ്ച റീപോളിങ് നടന്നിരുന്നു.
3317 ഗ്രാമപഞ്ചായത്തുകളും 387 പഞ്ചായത്ത് സമിതികളും 20 ജില്ല പരിഷത്തുമാണ് സംസ്ഥാനത്തുള്ളത്. തൃണമൂൽ കോൺഗ്രസ്, ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, ബി.ജെ.പി എന്നീ പാർട്ടികളാണ് നേരിട്ട് ഏറ്റുമുട്ടിയത്. 2018ലെ തെരഞ്ഞെടുപ്പിൽ 90 ശതമാനം പഞ്ചായത്ത് സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു.
അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമസംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. എന്നാൽ, 18 പേർ മരിച്ചതായി രാഷ്ട്രീയ പാർട്ടികൾ പറയുന്നു. കൊല്ലപ്പെട്ടവരിൽ ഒമ്പതു പേർ തൃണമൂൽ പ്രവർത്തകരാണ്. കോൺഗ്രസ് -മൂന്ന്, ബി.ജെ.പി -രണ്ട്, സി.പി.എം -രണ്ട്, മറ്റുള്ളവർ -രണ്ട് എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.