ഡാമുകളിലെ വെള്ളം തുറന്നുവിട്ട് കേന്ദ്രം സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിലാഴ്ത്തുന്നു; ബംഗാളിൽ ഊർജ സെക്രട്ടറി രാജിവെച്ചു
text_fieldsകൊൽക്കത്ത: ദാമോദർ വാലി കോർപറേഷന്റെ (ഡി.വി.സി) റിസർവോയറുകളിൽ നിന്ന് ഏകപക്ഷീയമായി വെള്ളം തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള തർക്കത്തിനിടെ സംസ്ഥാന ഊർജ സെക്രട്ടറി സന്തനു ബസു ഡി.വി.സി ബോർഡിൽ നിന്ന് രാജിവച്ചു. ദാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റിയിൽ നിന്നും പശ്ചിമ ബംഗാളിലെ ജലസേചന, ജലപാത ചീഫ് എൻജിനീയറും രാജിവെച്ചു.
പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് തവണ കത്തുകൾ എഴുതിയതിന്റെ പശ്ചാത്തലത്തിൽ ഡി.വി.സി തങ്ങളുടെ സർക്കാറുമായി ആലോചിക്കാതെ ജലസംഭരണികളിൽനിന്ന് വെള്ളം തുറന്നുവിട്ടതെന്നും നിരവധി ജില്ലകൾ വെള്ളത്തിനടിയിലായെന്നും ചൂണ്ടിക്കാട്ടിയാണ് രാജി.
‘ഡി.വി.സി അതിന്റെ അണക്കെട്ടുകളിൽനിന്ന് അഭൂതപൂർവവും അനിയന്ത്രിതവുമായ വെള്ളം തുറന്നുവിടുകയും വ്യാപകമായ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും സംസ്ഥാനത്തിന്റെ വിശാലമായ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ദുരിതം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ, സംസ്ഥാന അംഗം എന്ന നിലയിൽ ഡി.വി.സിയിൽ നിന്നുള്ള എന്റെ രാജി സമർപ്പിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു. ഇതേ വിഷയത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ജലസേചന, ജലപാത ചീഫ് എൻജിനീയറും റെഗുലേഷൻ കമ്മിറ്റിയിൽ നിന്ന് രാജിവച്ചതായി സംസ്ഥാന ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
ഡി.വി.സി റിസർവോയറുകളിൽ നിന്ന് വെള്ളം തുറന്നുവിടുന്നത് സംസ്ഥാന ഉദ്യോഗസ്ഥരെ എല്ലാ ഘട്ടങ്ങളിലും അറിയിച്ചിരുന്നുവെന്നും ഇത് വലിയ ദുരന്തം തടയാൻ അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രിക്കുള്ള മമതയുടെ ആദ്യ കത്തിന് മറുപടിയായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട് മമത കഴിഞ്ഞ 21ന് പ്രധാനമന്ത്രിക്ക് രണ്ടാമത്തെ കത്തെഴുതി. അതിൽ ‘ഡാമുകളിൽനിന്നും വെള്ളം തുറന്നുവിടുന്നത് ദാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റിയുമായുള്ള സമവായത്തിലൂടെയും സഹകരണത്തിലൂടെയും സർക്കാറിന്‍റെ പ്രതിനിധികളുമായുള്ള കൂടിയാലോചനകളുൾപ്പെടെയാണെന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി അവകാശപ്പെടുമ്പോൾ പശ്ചിമ ബംഗാൾ അതിനോട് വിയോജിക്കുകയാണ്. ബോർഡിലെ അംഗങ്ങളുമായി ഒരു സമവായത്തിൽ എത്താതെ എല്ലാ നിർണായക തീരുമാനങ്ങളും കേന്ദ്ര ജല കമീഷൻ, ജൽ ശക്തി മന്ത്രാലയം, ഇന്ത്യാ ഗവൺമെന്‍റ് എന്നിവയുടെ പ്രതിനിധികൾ ഏകപക്ഷീയമായി എടുക്കുകയാണെന്നും’ രണ്ടാമത്തെ കത്തിൽ ബാനർജി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന് ഒരു അറിയിപ്പും നൽകാതെ ചിലപ്പോൾ വെള്ളം തുറന്നുവിടാറുണ്ടെന്നും തന്റെ സർക്കാറിന്‍റെ കാഴ്ചപ്പാടുകൾ മാനിക്കപ്പെടാറില്ലെന്നും ബാനർജി അവകാശപ്പെട്ടു.
കേന്ദ്ര ജല കമീഷൻ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് ദാമോദർ വാലി റിസർവോയർ റെഗുലേഷൻ കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.