ബംഗാളിലെ ട്രെയിൻ അപകടം; മരണസംഖ്യ ഒമ്പതായി, നിരവധിപേർ ചികിത്സയിൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണസംഖ്യ ഒമ്പതായി. 37 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും ട്രെയിനിൽ ആരും കുടുങ്ങികിടക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. ഇവരെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സിലിഗുരിയിലെ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. മറ്റുള്ളവർ ജൽപായുഗിരിയിലെയും മെയ്നാഗുരിയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ബംഗാളിലെ ജൽപായുഗിരി ജില്ലയിലെ മെയ്നാഗുരി പട്ടണത്തിന് സമീപം ബിക്കാനീർ -ഗുവാഹത്തി എക്സ്പ്രസിന്റെ 12 കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.
അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ട്രെയിനിന്റെ കോച്ചുകൾ പാളത്തിൽ മറിഞ്ഞുകിടക്കുന്നതിന്റെയും സമീപവാസികൾ രക്ഷാപ്രവർത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചില ബോഗികൾ ഒന്നിനുമീതെ ഒന്നായാണ് കിടക്കുന്നത്. പെട്ടന്ന് വൻ കുലുക്കമുണ്ടായി ബോഗികൾ മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു.
പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ലക്ഷം രൂപയും സാധാരണ പരിക്കുള്ളവർക്ക് 25,000 രൂപയും സഹായമായി ലഭിക്കും. അപകടത്തെപ്പറ്റി ഉന്നതതല അന്വേഷണത്തിനും റെയിൽവേ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.