ബിർഭം കലാപത്തിലെ മുഖ്യപ്രതി സി.ബി.ഐ കസ്റ്റഡിയിൽ മരിച്ച നിലയിൽ
text_fieldsകൊൽക്കത്ത: ബംഗാളിലെ ബിർഭം ജില്ലയിലെ ബോഗ്ടോയ് ഗ്രാമത്തിലുണ്ടായ അക്രമസംഭവങ്ങളിലെ പ്രധാന പ്രതി സി.ബി.ഐ കസ്റ്റഡിയിൽ മരിച്ചു. 10 പേർ കൊല്ലപ്പെട്ട ആക്രമണത്തിലെ പ്രധാന പ്രതിയെയാണ് സി.ബി.ഐ കസ്റ്റഡിയിലിരിക്കെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലാലൊൻ ശൈഖ് എന്നയാളാണ് മരിച്ചത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 10 പേരെ ജീവനോടെ കത്തിക്കുകയുൾപ്പെടെ ചെയ്ത കലാപമാണ് എട്ടുമാസങ്ങൾക്ക് മുമ്പ് നടന്നത്. ആ സംഭവത്തിലെ പ്രധാന പ്രതിയായിരുന്നു ലാലൊൻ ശൈഖ്. ഇയാൾ ഝാർഖണ്ഡിലെ പാകുരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ലാലൊൻ ശൈഖിന്റെ മൃതദേഹം രാംപുർഹട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മരണവിവരമറിഞ്ഞ് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സി.ബി.ഐ ഓഫീസിലെത്തിയിരുന്നു. രോഷാകുലരായ കുടുംബാംഗങ്ങൾ സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാംപുർഹട് പട്ടണത്തിന് സമീപത്തുള്ള ബോഗ്ടോയ് റോഡ് തടസപ്പെടുത്തി പ്രതിഷേധിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ലോലൊൻ ആത്മഹത്യ ചെയ്തതായി സി.ബി.ഐ പ്രാദേശിക പൊലീസിനെ വിവരമറിയിച്ചത്. കലാപത്തിന്റെ അന്വേഷണം കൊൽക്കത്ത കോടതി സി.ബി.ഐക്ക് കൈമാറിയതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. സി.ബി.ഐ ഒരുക്കിയ താത്കാലിക സംവിധാനത്തിലായിരുന്നു ലാലൊനെ പാർപ്പിച്ചിരുന്നത്. സംഭവത്തിൽ അസാധാരണ മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബോഗ്ടോയ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനും തൃണമൂൽ നേതാവുമായ ഭാധു ശൈഖിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മാർച്ച് 21 ഒരു സംഘം ആളുകളെയും സംഘടിപ്പിച്ചെത്തി ബോഗ്ടൊയിയിലെ വീടുകൾ തീയിടുകയും 10 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തുവെന്നാണ് ലാലൊനെതിരായ കേസ്. ഡിസംബർ നാലിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.