ബംഗാൾ അക്രമം മനുഷ്യാവകാശ കമീഷൻതന്നെ അന്വേഷിക്കും –ഹൈകോടതി
text_fieldsകൊൽക്കത്ത: ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ വോട്ടെണ്ണലിന് പിന്നാലെ നടന്ന അക്രമങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമീഷൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കില്ലെന്ന് കൊൽക്കത്ത ഹൈകോടതി. അക്രമസംഭവങ്ങൾ അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷനോട് പ്രത്യേക സമിതി രൂപവത്കരിക്കാൻ ഈ മാസം 18നാണ് കോടതി നിർദേശം നൽകിയത്. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബംഗാൾ സർക്കാർ നൽകിയ ഹരജി തള്ളിയാണ് അഞ്ചംഗ ബെഞ്ചിെൻറ ഉത്തരവ്. അക്രമത്തെ തുടർന്നുള്ള ബംഗാൾ സർക്കാറിെൻറ നടപടികൾ വിശ്വാസജനകമല്ലെന്നും സംഭവം മനുഷ്യാവകാശ കമീഷൻ തന്നെ അന്വേഷിക്കുമെന്നും കോടതി പറഞ്ഞു.
കലാപം 3243 പേരെ നേരിട്ട് ബാധിച്ചതായി പശ്ചിമ ബംഗാൾ ലീഗൽ സർവിസ് അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പരാതികൾ പൊലീസ് സൂപ്രണ്ടിനും അതത് പൊലീസ് സ്റ്റേഷനുകൾക്കും ൈകമാറിയിട്ടും തുടർനടപടി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. ഹൈകോടതി നിർദേശപ്രകാരമാണ് മെമ്പർ സെക്രട്ടറി റിപ്പോർട്ട് നൽകിയത്.
അതിനിടെ, തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിക്കെഴുതിയ കത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച ഗവർണർ ജഗ്ദീപ് ധൻകർ വീണ്ടും മമതക്കെതിരെ രംഗത്തെത്തി. പ്രശ്നങ്ങൾ പരിഹരിക്കാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണിൽ പൂഴ്ത്തിയിട്ട് കാര്യമില്ലെന്ന് ഗവർണർ തുറന്നടിച്ചു. സംസ്ഥാനത്തെ സ്ഥിതി ഭയപ്പെടുത്തുന്നതാണ്.
അതുവഴിയുള്ള അസ്വസ്ഥത ഭീതിദമാണ്. ഇത് അംഗീകരിക്കാനാവില്ല -ഗവർണർ പറഞ്ഞു. പുതിയ സർക്കാർ അധികാരമേറിയതോടെ ക്രമസമാധാനം പുനഃസ്ഥാപിച്ചതായി മമത നേരത്തെ അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.