‘ലൈംഗികപീഡനം അന്വേഷിക്കാൻ സ്വതന്ത്ര സമിതി വേണം’; മമത ബാനർജിക്ക് കത്തയച്ച് ബംഗാളി നടിമാർ
text_fieldsകൊൽക്കത്ത: ബംഗാളി ചലച്ചിത്ര വ്യവസായത്തിലെ ലൈംഗിക പീഡനങ്ങളും ലിംഗാടിസ്ഥാനത്തിലുള്ള അതിക്രമങ്ങളും അന്വേഷിക്കാൻ സ്വതന്ത്ര സമിതിക്ക് മുഖ്യമന്ത്രി മമത ബാനർജി രൂപം നൽകണമെന്ന ആവശ്യവുമായി ബംഗാളി നടികൾ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമൻസ് ഫോറം ഫോർ സ്‌ക്രീൻ വർക്കേഴ്‌സിൽ അംഗങ്ങളായ ഉഷാസി റേ, അനന്യ സെൻ, തനിക ബസു, സൗരസേനി മൈത്ര, അംഗന റോയ്, ഡാമിനി ബെന്നി ബസു എന്നിവർ മുഖ്യമന്ത്രിക്ക് കത്തയച്ചു.
മലയാള സിനിമ വ്യവസായത്തിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ മമത ബാനർജി സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ഈ ആവശ്യവുമായി ബംഗാളി നടികൾ രംഗത്തെത്തിയത്. തൊഴിലിടങ്ങളിലെ പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും അന്വേഷിക്കാൻ സ്വതന്ത്ര സമിതി ബംഗാൾ സർക്കാർ രൂപീകരിക്കണം. പ്രായപൂർത്തിയാകാത്തവർക്ക് സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുണ്ടെന്നും കത്തിൽ പറയുന്നു.
സിനിമ മേഖലയിലെ സുരക്ഷയെയും അന്തസ്സിനെയും കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തയാറാണെന്നും നടിമാർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കൈമാറിയ അഞ്ച് പേജുള്ള കത്തിന്‍റെ പകർപ്പ് നടിമാർ അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഹേമ കമീഷൻ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബംഗാളി സിനിമ വ്യവസായത്തിൽ നിന്ന് പുറത്തു വരുന്നത്. ഹേമ കമ്മീഷന് സമാനമായ അന്വേഷണം ബംഗാളി സിനിമ മേഖലയിലും വേണമെന്ന് നടി റിതാഭരി ചക്രവർത്തി ആഗസ്റ്റ് 27ന് ആവശ്യപ്പെട്ടിരുന്നു. ബംഗാളിേലും സമാന സംഭവങ്ങൾ നടക്കുന്നുണ്ടെന്നും പല നടിമാർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുവെന്നും റിതാഭരി ഫേസ്ബുക്കിൽ കുറിച്ചു.
സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശമായ അനുഭവം നേരിട്ടതായി മുതിർന്ന ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ശ്രീലേഖ മിത്രയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.