ബംഗാളി സംഗീതജ്ഞ സന്ധ്യ മുഖർജിയും പത്മ പുരസ്കാരം നിരസിച്ചു
text_fieldsന്യൂഡൽഹി: ബംഗാളി സംഗീതറാണി സന്ധ്യ മുഖർജിയും പത്മ പുരസ്കാരം നിരസിച്ചു. പ്രഖ്യാപനത്തിനു മുമ്പ് ബന്ധപ്പെട്ട മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനോട് ഇക്കാര്യം അറിയിച്ചിരുന്നതായി സന്ധ്യ മുഖർജിയുടെ മകൾ സൗമി സെൻഗുപ്ത അറിയിച്ചു. പത്മഭൂഷൺ പുരസ്കാരം നിരസിക്കുന്നതായി ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും പ്രഖ്യാപിച്ചിരുന്നു.
ബംഗാളി ഗാനരംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന് 90 വയസ്സെത്തി നിൽക്കുന്ന മാതാവിന് ഇപ്പോൾ പത്മശ്രീ നൽകുന്നത് അവരോടുള്ള അനാദരവായിരിക്കുമെന്ന് സൗമി സെൻഗുപ്ത പറഞ്ഞു. ഹിന്ദി, ബംഗാളി ചലച്ചിത്ര ഗാനരംഗത്ത് അനേകനാൾ പ്രതിഭയായിരുന്നു സന്ധ്യ മുഖർജി.
പ്രഖ്യാപനത്തിനു മുമ്പുതന്നെ പുരസ്കാര ജേതാക്കളെ വിവരം അറിയിക്കാറുണ്ട്. അതുകൊണ്ടുതന്നെ പത്മ ബഹുമതികൾ നിരസിക്കൽ അപൂർവമാണ്. 2015ൽ പ്രശസ്ത ബോളിവുഡ് തിരക്കഥാകൃത്ത് സലീം ഖാൻ പത്മശ്രീ നിരസിച്ചിരുന്നു. വിഖ്യാത ചരിത്രകാരി റൊമീല ഥാപ്പർ 2005ൽ പത്മഭൂഷണും നിരസിച്ചിട്ടുണ്ട്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് എഴുത്തുകാരൻ ഖുശ് വന്ത് സിങ് പത്മഭൂഷൺ തിരികെ നൽകുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.