സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യനഗരമായി ബംഗളൂരു
text_fieldsബംഗളൂരു: വിനോദ സഞ്ചാരികൾക്കിടയിൽ ബംഗളൂരുവിന് സ്വന്തം മേൽവിലാസം. ബംഗളൂരുവിെൻറ ഔദ്യോഗിക ലോഗോ ഞായറാഴ്ച വിധാൻ സൗധയിൽ നടന്ന നമ്മ ബംഗളൂരു ഹബ്ബ ചടങ്ങിൽ മന്ത്രി കെ.ജെ. ജോർജ് പുറത്തിറക്കി. ഇംഗ്ലീഷ്, കന്നട അക്ഷരങ്ങൾ ഇടകലർന്ന് ചുവപ്പിലും കറുപ്പിലും ബംഗളൂരു എന്നെഴുതിയതാണ് ലോഗോ. ഇതോടെ, സ്വന്തമായി ലോഗോയുള്ള ന്യൂയോർക് സിറ്റി, മെൽബൺ, സിംഗപ്പൂർ, ലണ്ടൻ, പാരിസ് നഗരങ്ങളോടൊപ്പം ബംഗളൂരുവും ഇടംനേടി. സ്വന്തമായി ലോഗോയുള്ള രാജ്യത്തെ ആദ്യനഗരവും.
സഞ്ചാരികൾക്ക് നഗരത്തിെൻറ സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന മൊബൈൽ ആപ്പും ഇതോടൊപ്പം പുറത്തിറക്കി. നഗരത്തിലെ വിവിധ കലാസാംസ്കാരിക പരിപാടികൾ ആപ്പിലൂടെ അറിയാനാകും. കബൺ പാർക്ക്, ലാൽബാഗ്, പബുകൾ, ഭക്ഷണം, പൈതൃക കെട്ടിടങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും ആപ് സഹായിക്കും. ബി.എം.ടി.സി ബസ്^മെട്രോ സമയം, എ.ടി.എമ്മുകൾ, ആശുപത്രികൾ എന്നിവ അറിയാനും ടാക്സി ബുക്കിങ്ങിനും സൗകര്യമുണ്ടാകും. ഐ.ടി.ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, എൻ.എ. ഹാരിസ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
‘നമ്മ ബംഗളൂരു ഹബ്ബ’ വൻ ഹിറ്റ്
‘നമ്മ ബംഗളൂരു ഹബ്ബ’യുടെ രണ്ടാംപതിപ്പും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. അംബേദ്കർ വീഥിയിൽ ഞായറാഴ്ച രാവിലെ തുടങ്ങിയ ആഘോഷങ്ങൾ രാത്രി ഒമ്പതുവരെ നീണ്ടു. സംസ്ഥാനത്തിെൻറ ഭരണസിരാകേന്ദ്രം ആഘോഷങ്ങളുടെ വേദിയായി. വിധാൻ സൗധയും വികാസ് സൗധയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കർണാടകയുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന പരിപാടികളും നാടോടിനൃത്തങ്ങളും അരങ്ങേറി. അംബേദ്കർ വീഥിയിൽ ഗതാഗതം നിരോധിച്ച് ഓപ്പൺ സ്ട്രീറ്റ് ആഘോഷങ്ങളിൽ യോഗ, സൂംബ, തെരുവുനാടകങ്ങൾ, പെയിൻറിങ് എന്നിവ നടന്നു. ഭക്ഷ്യമേളക്കുപുറമെ, പരിസ്ഥിതി സൗഹൃദ ഉൽപനങ്ങളുടെ വിവിധ സ്റ്റാളുകളും ഉണ്ടായിരുന്നു. രാവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹബ്ബ ഉദ്്ഘാടനം ചെയ്തു. സാങ്കി ടാങ്കിൽ നടന്ന ആദ്യ ബംഗളൂരു ഹബ്ബയിലും നിരവധി പേർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.