ബംഗളൂരു കെട്ടിട അപകടം: മരണസംഖ്യ എട്ടായി
text_fieldsബംഗളൂരു: ഹെന്നൂരിലെ ബാബുസ പാളയയിൽ ഏഴുനില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. മരിച്ച എട്ടുപേരും തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സാഹിൽ (19), പഷ്വാൻ, തമിഴ്നാട് സ്വദേശികളായ സത്യരാജു (25), മണികണ്ഠൻ, ആന്ധ്ര സ്വദേശി തുളസി റെഡ്ഡി, യു.പി സ്വദേശി പുൽചാൻ യാദവ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പരിക്കേറ്റ ജഗദേവി (45), റഷീദ് (28), നാഗരാജു (25), രമേശ് കുമാർ (28), ഹർമൻ (22), അയാസ് (40) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടത്തിൽ രക്ഷപ്പെട്ട തൊഴിലാളിയായ മുഹമ്മദ് അർഷാദ് (27) എന്നയാളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കെട്ടിടത്തിന്റെ സഹ ഉടമയായ മല്ലേശ്വരം സ്വദേശി ഭുവൻ റെഡ്ഡിയെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. കെട്ടിടത്തിലെ ആദ്യ നാലുനില പണിത കരാറുകാരനായ മുനിയപ്പയെയും കസ്റ്റഡിയിലെടുത്തതായി ഈസ്റ്റ് ഡി.സി.പി ഡി. ദേവരാജ അറിയിച്ചു. നിലവിലെ കരാറുകാരനായ ഏളുമലൈയും ഒളിവിലാണ്.
ഭാരതീയ ന്യായ സംഹിത, ബി.ബി.എം.പി ആക്ട്, റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ആക്ട് തുടങ്ങിയവയിലെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭുവൻ റെഡ്ഡിയുടെ പിതാവും കെട്ടിട സഹ ഉടമയുമായ മോഹൻ റെഡ്ഡി ഒളിവിലാണ്. ബാബുസ പാളയ അഞ്ജനാദ്രി ലേഔട്ടിൽ പാർക്കിങ് ഏരിയ അടക്കം ഏഴുനിലയുള്ള കെട്ടിടം ചൊവ്വാഴ്ച വൈകീട്ട് 3.40ന് തകർന്നുവീഴുകയായിരുന്നു.
ബംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ബി.ബി.എം.പി ചീഫ് തുഷാർ ഗിരിനാഥ് എന്നിവർ ബുധനാഴ്ച അപകടസ്ഥലം സന്ദർശിച്ചു. മതിയായ അനുമതിയില്ലാതെയാണ് കെട്ടിടത്തിൽ മൂന്നുനില അധികമായി പണിതതെന്ന് ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.