ബംഗളൂരുവിലെ അനിശ്ചിതകാല ബസ് പണിമുടക്കിൽ 'അനിശ്ചിതത്വം'
text_fieldsബംഗളൂരു: ആറാം ശമ്പള കമീഷൻ ശിപാർശ പ്രകാരമുള്ള ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ജീവനക്കാർ നടത്തിവരുന്ന അനിശ്ചിതകാല ബസ് പണിമുടക്കിെൻറ ഭാവിയും അനിശ്ചിതത്വത്തിൽ. സർക്കാർ നടപടി ഭയന്ന് കൂടുതൽ ജീവനക്കാർ ജോലിക്ക് ഹാജരാകാൻ തുടങ്ങിയതോടെ പണിമുടക്ക് പരാജയപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് യൂനിയൻ നേതാക്കൾ.
എട്ടു ശതമാനം ശമ്പളം വർധിപ്പിക്കാമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പണിമുടക്ക് അവസാനിപ്പിച്ചശേഷം ചർച്ച മതിയെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് പ്രശ്നപരിഹാരം നീളുന്നത്. തിങ്കളാഴ്ച പണിമുടക്ക് 13ാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാര്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കില്‍നിന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്.
കര്‍ണാടക ആര്. സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷന് തിങ്കളാഴ്ച മുതല്‍ ജോലിക്ക് ഹാജരാകാന്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. ബാഗല്‍കോട്ടില്‍ കല്ലേറില്‍ ജോലിക്കെത്തിയ ഡ്രൈവര്‍ മരിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് പിന്മാറ്റം. ഒരു വിഭാഗം പിന്മാറുന്നതോടെ തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ചർച്ച നടത്താൻ സർക്കാർ തയാറാകാത്തത് സമരത്തിന് നേതൃത്വം നൽകുന്ന കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നാണ് വലിയൊരു വിഭാഗം ജീവനക്കാരുടേയും ഭയം. ഇതിനാലാണ് കൂടുതൽ പേർ ജോലിക്ക് എത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നതിനാലും ഗതാഗത വകുപ്പിെൻറ ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി നിരീക്ഷണത്തിലായതിനാലും അടുത്തദിവസങ്ങളിലൊന്നും പ്രശ്ന പരിഹാരത്തിന് ചർച്ചയുണ്ടായേക്കില്ല.
കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ സമരത്തിന് മാധ്യമശ്രദ്ധ ലഭിക്കുന്നില്ലെന്നും ഒരുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോയാല്‍ പൊതുജനം എതിരാകുമെന്ന ഭയവും യൂനിയൻ നേതാക്കൾക്കുണ്ട്. ഒാരോ ദിവസവും ജോലിക്ക് ഹാജരാകുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഞായറാഴ്ച ബി.എം.ടി.സി നൂറോളം സര്‍വിസുകളാണ് നടത്തിയത്. പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം സര്‍വിസുകള്‍ നടത്താന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര മൾട്ടി ആക്സിൽ എ.സി വോൾവോ ബസ് സർവിസുകളുടെ എണ്ണവും വർധിപ്പിച്ചു. എന്‍.ഡബ്ല്യു.കെ.എസ്.ആര്.ടി.സി, എന്‍.ഇ.കെ.എസ്.ആര്.ടി.സി തുടങ്ങിയ ട്രാൻസ്പോർട്ട് കോർപറേഷനുകളിലെ ബസ് സർവിസുകളും വർധിച്ചിട്ടുണ്ട്. ഇതിനിടെ, നോട്ടീസ് നല്‍കിയിട്ടും ജോലിക്ക് ഹാജരാകാത്ത 2443 ജീവനക്കാരെ ബി.എം.ടി.സി സസ്പെന്‍ഡ് ചെയ്തു. ശനിയാഴ്ചയോടെ ജോലിക്കെത്തണമെന്നായിരുന്നു ഇവര്‍ക്ക് നല്കിയ നിര്‍ദേശം. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, വര്‍ക്ക്ഷോപ് ജീവനക്കാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വരും ദിവസങ്ങളിലും നടപടികള്‍ തുടരാനാണ് അധികൃതരുടെ തീരുമാനം. അതേസമയം, വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജീവനക്കാരുടെ എണ്ണം 85 ആയി. ബി.എം.ടി.സിയുടെ 97 ബസുകളാണ് ഇതുവരെ കല്ലേറില്‍ തകര്‍ന്നത്. അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് പണിമുടക്കിന് നേതൃത്വം നൽകുന്ന കർഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖർ പറഞ്ഞു. തിങ്കളാഴച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കും. തിങ്കളാഴ്ചയോടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒരു ലക്ഷത്തോളം ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ ജയിലില്‍ പോകാന്‍ സന്നദ്ധരാകുമെന്നും കൊടിഹള്ളി ചന്ദ്രശേഖരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.