ആമസോൺ പാക്കേജിനൊപ്പമെത്തിയത് മൂർഖൻ പാമ്പ്; പ്രതികരിച്ച് കമ്പനി -വിഡിയോ
text_fieldsബംഗളൂരു: ആമസോൺ പാക്കേജിനൊപ്പം മൂർഖൻ പാമ്പ് എത്തിയതിന്റെ ഞെട്ടലിലാണ് ബംഗളൂരുവിലെ ദമ്പതികൾ. ഞായറാഴ്ചയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയത്. എന്നാൽ, ഉൽപന്നത്തോടൊപ്പം മൂർഖൻ പാമ്പ് കൂടി എത്തുകയായിരുന്നു.
സോഫ്റ്റ്വെയർ എൻജിനീയർമാരായ ദമ്പതികൾ എക്സ്ബോക്സ് കൺട്രോളറാണ് ഓൺലൈനിൽ ഓർഡർ ചെയ്തത്. സാധനം എത്തിയപ്പോൾ പാക്കേജിനുള്ളിൽ പാമ്പ് കൂടിയുള്ളത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പാക്കേജിലെ ടേപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. പാക്കേജിനുള്ളിലെ പാമ്പിന്റെ വിഡിയോ ഇരുവരും ഷൂട്ട് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്തത്. പാക്കേജ് ആമസോൺ ഡെലിവറി ബോയ് നേരിട്ട് കൈമാറുകയായിരുന്നു. പിന്നീട് ഇത് തുറന്നപ്പോഴാണ് പാമ്പുള്ള വിവരം മനസിലായത്. പാമ്പ് ടേപ്പിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നതിനാൽ ആർക്കും മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. സംഭവം ഉടൻ ആമസോണിനെ അറിയിച്ചെങ്കിലും ആദ്യം നടപടികളൊന്നും ഉണ്ടായില്ലെന്ന് ദമ്പതികൾ പറയുന്നു. തുടർന്ന് വിഡിയോ ഉൾപ്പടെയുള്ള തെളിവുകൾ കൈമാറിയപ്പോൾ റീഫണ്ട് നൽകിയെന്നും ദമ്പതികൾ പറഞ്ഞു.
തങ്ങൾക്ക് റീഫണ്ട് ലഭിച്ചു. നല്ല വിഷമുള്ള പാമ്പാണ് പാക്കേജിനൊപ്പമെത്തിയത്. ഇത് ആമസോണിന്റെ ഭാഗത്ത് നിന്നുണ്ടായ സുരക്ഷവീഴ്ചയാണ്. പാക്കേജിന്റെ പാക്കിങ്ങിലും വിതരണത്തിലുൾപ്പടെ ആമസോണിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ദമ്പതികൾ പരാതിപ്പെടുന്നു.
പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരങ്ങൾ പങ്കുവെക്കാൻ ദമ്പതികളോട് ആമസോൺ ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയതിനെ തുടർന്ന് ദമ്പതികൾക്ക് കമ്പനി റീഫണ്ട് നൽകി. എന്നാൽ, വിഷയത്തിൽ കമ്പനി നഷ്ടപരിഹാരം നൽകുകയോ പരസ്യക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.