നടൻ ദർശൻ ജയിൽ ഭക്ഷണം കഴിച്ചാൽ മതിയെന്ന് കോടതി
text_fieldsബംഗളൂരു: വീട്ടിൽ പാകം ചെയ്ത ഭക്ഷണം ജയിലിൽ അനുവദിക്കണമെന്ന രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയുടെ ഹരജി ബംഗളൂരു കോടതി തള്ളി. കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും ഹരജി തള്ളി കോടതി വ്യക്തമാക്കി.
അതിനിടെ ദർശന്‍റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചിരുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, മകന്‍റെ സ്കൂൾ അഡ്മിഷന്‍റെ കാര്യത്തിനാണ് സന്ദർശനം നടത്തിയത് എന്നാണ് വിശദീകരണം.
ദർശന്‍റെ ആരാധകനും ഫാർമസി ജീവനക്കാരനുമായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്. ദർശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ അടക്കം 17 പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദർശനിൽനിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായും കൊലപാതകത്തിന് ശേഷം പല പേരിൽ പല സിം കാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. രേണുകസ്വാമിയെ ചെരിപ്പൂരി അടിച്ചതു മുതൽ ഗൂഢാലോചനയിലും കൊലപാതകത്തിലുംവരെ നടി പവിത്ര ഗൗഡക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.