ആദ്യം വിളി വന്നത് 'ട്രായി'യിൽ നിന്ന്, പിന്നാലെ 'സി.ബി.ഐയുടെ വിർച്വൽ അറസ്റ്റ്'; യുവ വ്യവസായിയിൽ നിന്ന് തട്ടിയത് 14 ലക്ഷം
text_fieldsബംഗളൂരു: സൈബർ തട്ടിപ്പിൽ ബംഗളൂരുവിലെ യുവ വ്യവസായിക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ഓൺലൈനിലൂടെ 'വിർച്വൽ അറസ്റ്റ്' ചെയ്തിരിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ട്രായ്, സി.ബി.ഐ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായി ചമഞ്ഞ് വിഡിയോ കോളിലെത്തിയ സംഘം ഇയാളിൽ നിന്ന് പണം തട്ടിയത്.
സെപ്റ്റംബർ 25നാണ് വ്യവസായിയെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ട് രാജേഷ് മിത്തൽ എന്നയാൾ ഫോണിൽ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ വ്യവസായി ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇയാൾ വിളിച്ചത്. മഹാരാഷ്ട്രയിൽ വ്യവസായിക്കെതിരെ കേസുണ്ടെന്നും വിളിച്ചയാൾ പറഞ്ഞു.
എന്നാൽ, തനിക്ക് അത്തരം ഇടപാടുകൾ ഇല്ലെന്നും കേസില്ലെന്നും വ്യവസായി ആവർത്തിച്ച് പറഞ്ഞിട്ടും വിളിച്ചയാൾ സമ്മതിച്ചില്ല. സി.ബി.ഐയിൽ നിന്ന് വിളിക്കുമെന്ന് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അൽപസമയത്തിനകം സി.ബി.ഐയിൽ നിന്നാണെന്ന് പരിചയപ്പെടുത്തി മറ്റൊരാൾ വിളിച്ചു. എത്രയും വേഗം അന്വേഷണത്തിനായി മഹാരാഷ്ട്രയിൽ എത്തണമെന്നായിരുന്നു സി.ബി.ഐയിൽ നിന്നാണെന്ന് പറഞ്ഞയാൾ ആവശ്യപ്പെട്ടത്. എന്നാൽ, തനിക്ക് ഹാജരാകാൻ അസൗകര്യമുണ്ടെന്ന് വ്യവസായി അറിയിച്ചു. ഇതോടെ, വിഡിയോ കോൺഫറൻസിലൂടെ ചോദ്യംചെയ്യാമെന്നായി വിളിച്ചയാൾ.
വിളിച്ചവരുടെ നീക്കത്തിൽ വ്യവസായിക്ക് സംശയം തോന്നിയെങ്കിലും ഇയാളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചുള്ള ഏതാനും രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ കാണിച്ചു. ഇതോടെ, ഇവർ യഥാർഥ ഉദ്യോഗസ്ഥർ തന്നെയാണെന്ന് വിശ്വസിച്ച വ്യവസായി, ഇവർ നിർദേശിച്ച വിഡിയോ കോളിങ് ആപ്പ് ഡൗൺലോഡ് ചെയ്തു. വ്യവസായി 'ഡിജിറ്റൽ അറസ്റ്റി'ലാണെന്നു വിശ്വസിപ്പിച്ച തട്ടിപ്പുകാർ 'അന്വേഷണത്തിന് വേണ്ടി' ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വ്യവസായിയുടെ ബാങ്ക് അക്കൗണ്ടിലെ 80 ശതമാനം തുകയും റിസർവ് ബാങ്കിന്‍റെ ഒരു അക്കൗണ്ടിലേക്ക് വെരിഫിക്കേഷന് വേണ്ടി ട്രാൻസ്ഫർ ചെയ്യാൻ ഇവർ നിർദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വ്യവസായി ആകെ 14.57 ലക്ഷം രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.
പണം വെരിഫിക്കേഷൻ കഴിഞ്ഞ് തിരികെ ലഭിക്കുമെന്നായിരുന്നു വിളിച്ചവർ വിശ്വസിപ്പിച്ചത്. എന്നാൽ, പണം നൽകിയതിന് പിന്നാലെ ഇവരുടെ ഒരു വിവരവും ഇല്ലാതായതോടെ വ്യവസായി പൊലീസിൽ വിവരമറിയിച്ചു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന കാര്യം ഇയാൾക്ക് ബോധ്യമായത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.