കർണാടകയിൽ കൂട്ട ആത്മഹത്യശ്രമം; സഹോദരനെ കൊല്ലരുതെന്ന് പിതാവിനോട് യാചിച്ച് മകൾ
text_fieldsബംഗളൂരു: സ്വന്തം കൺമുന്നിൽ സഹോദരനെ തൂക്കികൊല്ലരുതെന്ന് പിതാവിനോട് യാചിച്ച് മകൾ. മകനെ തൂക്കികൊല്ലുന്നത് കാണാനാകാതെ സ്വയം ജീവനൊടുക്കി മാതാവ്. ഇരുവരുടെയും മരണശേഷം മൂത്തമകളെയും കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച് പിതാവ്. 12 വയസ്സുള്ള മകനെ പിതാവ് തൂക്കികൊല്ലുന്നതിെൻറ ദൃശ്യങ്ങൾ പുറത്തായതോടെയാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിയുന്നത്.
17 വയസ്സുകാരിയായ മകളാണ് 3.47 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യം പിതാവറിയാതെ എടുത്തത്. വിഡിയോ പുറത്തായതോടെ ലക്ഷങ്ങളുടെ കടബാധ്യതയെതുടർന്ന് കൂട്ട ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാലംഗ കുടുംബത്തിലെ മാതാവും 12 വയസ്സുകാരൻ മകനും മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര-ഗുജറാത്ത് അതിർത്തിയിൽനിന്ന് ബംഗളൂരുവിലെ വിഭുതിപുരയിൽ സ്ഥിരതാമസമാക്കിയ സ്വകാര്യ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ സുരേഷ് ബാബുവാണ് (48) പിടിയിലായത്. ഇയാളുടെ ഭാര്യ ഗീതാ ഭായ് (45) മകൻ വരുൺ (12) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചയാണ് സംഭവം. ബിസിനസ് ആവശ്യാർഥം ഗീതയും സുരേഷും ചേർന്ന് ചിട്ടി നടത്തിയിരുന്നു. എന്നാൽ, ചിട്ടി പൊളിയുകയും അഞ്ചുലക്ഷത്തിലധികം രൂപയുടെ കടക്കെണിയിലകപ്പെടുകയും ചെയ്തു. ആളുകൾ പണം ചോദിച്ച് തുടങ്ങിയതോടെ ഇവർ കൂട്ട ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മകനെ തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഫാനിൽ കെട്ടിത്തൂക്കി. ഈ സമയം ഭാര്യയും മകളും ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
‘അച്ഛാ അവനെ കൊല്ലല്ലേ, അച്ഛാ ഞാൻ കാലുപിടിക്കാം എന്ന് മകൾ കേണപേക്ഷിക്കുന്നതും ശബ്ദവും വിഡിയോയിൽ കേൾക്കാം. പിതാവറിയാതെ മകൾതന്നെ മൊബൈലിൽ വിഡിയോ എടുക്കുകയായിരുന്നു. മകൻ മരിച്ച ദുഃഖത്തിൽ ഗീതയും തൂങ്ങിമരിച്ചു. തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് സുരേഷ് ബാബു തീരുമാനിച്ചിരുന്നത്.
എന്നാല്‍, മകൾ ബഹളം വെച്ച് അയൽക്കാരെ അറിയിക്കുകയായിരുന്നു. അയൽക്കാരെത്തിയപ്പോൾ ഭാര്യയും മകനും ആത്മഹത്യ ചെയ്തെന്നാണ് സുരേഷ് ബാബു പറഞ്ഞത്. പ്രാദേശിക ചാനൽ റിപ്പോർട്ടർക്ക് മരിച്ചവരുടെ ഫോട്ടോ എടുക്കാൻ സുരേഷ് ബാബു മൊബൈൽ കൈമാറുകയായിരുന്നു. മൊബൈലിൽ ചിത്രങ്ങൾ തിരയുന്നതിനിടെയാണ് മകൾ എടുത്ത വിഡിയോ ചാനൽ റിപ്പോർട്ടർ കാണുന്നതും തുടർന്ന് പൊലീസിൽ അറിയിക്കുന്നതും. മകനും ഭാര്യയും ആത്മഹത്യ ചെയ്തതാണെന്നാണ് സുരേഷ് ബാബു പൊലീസിനോടും പറഞ്ഞത്. മകളെ ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സംഭവം വ്യക്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.