കണ്ടാൽ സിംഹത്തെപ്പോലെ, ഭാരം 100 കിലോയിലധികം; 20 കോടി രൂപക്ക് അപൂർവ്വ ഇനം നായയെ സ്വന്തമാക്കി ബെംഗളുരു സ്വദേശി
text_fieldsബെംഗളുരു: അത്യപൂർവ്വ ഇനത്തിൽപ്പെട്ട നായയെ 20 കോടി രൂപയ്ക്ക് സ്വന്തമാക്കി ബെംഗളുരു സ്വദേശി. കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് 20 കോടി നൽകി സതീഷ് എന്ന ഡോഗ് ബ്രീഡർ സ്വന്തമാക്കിയത്. ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ് സതീഷ്.
ഹൈദരാബാദിലെ ഒരു ഫാമിൽ നിന്നാണ് സതീഷ് ഈ നായയെ വാങ്ങിയത്. കഡാബോം എന്ന പേരിൽ കെന്നൽ ഹൗസ് നടത്തുന്നയാളാണ് സതീഷ്. അതുകൊണ്ടുതന്നെ കഡാബോം ഹൈദർ എന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്. ഏകദേശം ഒന്നര വയസ്സ് പ്രായമുണ്ട് ഹൈദറിന്. തിരുവനന്തപുരം കെന്നൽ ക്ലബ് നടത്തിയ ഡോഗ് ഷോയിലും ഹൈദർ പങ്കെടുത്തിട്ടുണ്ട്. മികച്ച നായയ്ക്കുള്ള മെഡൽ കരസ്ഥമാക്കിയ ഹൈദർ ഡോഗ് ഷോയിലെ മിന്നും താരമായിരുന്നു.
പൂർണ വളർച്ചയെത്തുമ്പോൾ 100 കിലോയിലധികം ഭാരം വയ്ക്കുന്ന ഭീമൻ നായകളാണ് കൊക്കേഷ്യൻ ഷെപ്പേർഡുകൾ. ‘വലിപ്പം കൂടിയ നായകളാണ് കൊക്കേഷ്യൻ ഷെപ്പേർഡുകൾ. പെട്ടെന്ന് ഇണങ്ങിച്ചേരുകയും ചെയ്യും. നിലവിൽ എന്റെ വീട്ടിലാണ് ഹൈദറിനെ പാർപ്പിച്ചിരിക്കുന്നത്. എയർ കണ്ടീഷൻ സൗകര്യം ഇവയ്ക്ക് അത്യാവശ്യമാണ്’- സതീഷ് പറഞ്ഞു.
നായ ‘പെൺ സിംഹം’ പോലെ വലുതാണെന്നാണ് സതീഷ് വിശേഷിപ്പിക്കുന്നത്. തലയ്ക്ക് ഏകദേശം 38 ഇഞ്ചും തോളുകൾക്ക് 34 ഇഞ്ചും നീളമുണ്ട്. നായുടെ കാൽ രണ്ട് ലിറ്റർ പെപ്‌സി കുപ്പിയോളം വലുതാണെന്നും അദ്ദേഹം പറഞ്ഞു. 23 മുതൽ 30 ഇഞ്ച് വരെയാണ് ഇവയുടെ ഉയരം. പത്ത് മുതൽ 12 വയസ്സ് വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. കൊക്കേഷ്യൻ ഷെപ്പേർഡ് വിശ്വസ്തനായ ഒരു കാവൽ നായയാണ്. ജോർജിയ, അർമേനിയ, അസർബൈജാൻ, തുർക്കി, റഷ്യ തുടങ്ങിയ കോക്കസസ് മേഖലയിലെ രാജ്യങ്ങളിൽ കന്നുകാലി സംരക്ഷണത്തിന് ഇവയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്.
യജമാനനുവേണ്ടി ജീവൻ കളഞ്ഞും സംരക്ഷണം ഒരുക്കുന്ന നായയാണ് കൊക്കേഷ്യൻ ഷെപ്പേർഡുകൾ. കുട്ടികളോട് വളരെ അടുപ്പമുള്ള ഇവ കുട്ടികളെ ആരെങ്കിലും ആക്രമിക്കുമെന്ന് തോന്നിയാൽ അവരെ കടിച്ചുകീറാനും മടിക്കില്ല. രോമക്കൂടുതൽ കാരണം നിരന്തര സംരക്ഷണം നൽകേണ്ടുന്ന നായക്ക് കൃത്യമായ വ്യായാമം ഉറപ്പാക്കിയില്ലെങ്കിൽ രോഗം വരാനുള്ള സാധ്യതയും കൂടുതലാണ്.
ഇതാദ്യമായല്ല ഇത്രയധികം വിലയുള്ള നായ്ക്കളെ സതീഷ് സ്വന്തമാക്കുന്നത്. 2016ൽ ഒരു കോടി രൂപ വില വരുന്ന കൊറിയൻ മാസ്റ്റിഫ് ഇനത്തെ സതീഷ് സ്വന്തമാക്കിയിരുന്നു. ഈ ഇനം നായകളെ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് അന്ന് സതീഷിനെത്തേടിയെത്തിയത്. ചൈനയിൽ നിന്നാണ് ഇവയെ സതീഷ് വാങ്ങിയത്. ശേഷം റോൾസ് റോയിസ് കാറിൽ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.