വ്യാജ പ്രചരണം; ആജ്തക് ചാനലിനും അവതാരകൻ സുധീർ ചൗധരിക്കുമെതിരേ കേസെടുത്ത് ബംഗളൂരു പൊലീസ്
text_fieldsബംഗളൂരു: കർണാടക സർക്കാറിന്റെ പദ്ധതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വാർത്ത നൽകിയ ആജ് തക് ചാനലിനും അവതാരകൻ സുധീർ ചൗധരിക്കുമെതിരേ കേസെടുത്ത് ബംഗളൂരു പൊലീസ്. വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന ന്യൂനപക്ഷ, പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ചാനൽ വാർത്ത നൽകിയത്.
ചൊവ്വാഴ്ച രാത്രി വൈകി ശേഷാദ്രിപുരം പൊലീസ് ഫയൽ ചെയ്ത എഫ്ഐആറിൽ ഐപിസി സെക്ഷൻ 505 (പൊതു ജനദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതും മുൻവിധിയുള്ള പ്രവൃത്തികൾ ചെയ്യുന്നതും) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കർണാടക ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ (കെഎംഡിസി) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശിവകുമാർ.എസ് ആണ് പരാതിക്കാരൻ.
ഹിന്ദുക്കളെ ഒഴിവാക്കി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കും മാത്രമാണ് കർണാടക സാമ്പത്തിക സബ്സിഡി നൽകുന്നതെന്നാണ് ആജ് തക്കിലെ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന തന്റെ പ്രൈം-ടൈം ഷോയിൽ ചൗധരി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. 'ന്യൂനപക്ഷ പ്രീണനം' എന്നാണ് ചൗധരി പദ്ധതിയെ വിളിച്ചത്. സെപ്തംബർ 11-നാണ് ഷോ സംപ്രേക്ഷണം ചെയ്തത്. ആജ് തക്കിൽ കൺസൾട്ടിങ് എഡിറ്ററാണ് സുധീർ ചൗധരി.
പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വകുപ്പ് നൽകിയ പത്രപരസ്യം പ്രദർശിപ്പിച്ച ചാനൽ, ഹിന്ദുക്കളെ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് വിവേചനമാണെന്നാണ് ആരോപിച്ചത്. എന്നാൽ, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി ‘ഐരാവത’ എന്ന പേരിൽ ഇതേ പദ്ധതി കർണാടകയിൽ നിലവിലുണ്ട്. ഇതേ കുറിച്ച് വാർത്തയിൽ പരാമർശിച്ചിരുന്നില്ല. ഒരേ പദ്ധതി ന്യൂനപക്ഷ വികസന കോർപറേഷൻ, ഡോ. ബി.ആർ. അംബേദ്കർ വികസന കോർപറേഷൻ എന്നിവക്ക് കീഴിലാണ് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് അതത് കോർപറേഷനുകളും ടെണ്ടർ ക്ഷണിച്ചതായും സാമൂഹിക ക്ഷേമ മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച ബജറ്റിൽ ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള ‘സ്വാവലംബി സാരഥി’ പദ്ധതിക്കായി തുകയും വകയിരുത്തിയിരുന്നു.
എന്നാൽ, ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്രപരസ്യം മാത്രം കാണിച്ച ആജ് തക് അവതാരകനായ സുധീർ ചൗധരി, ഈ പദ്ധതി ഹിന്ദുക്കൾക്കുള്ളതല്ലെന്നാണ് പരാമർശിച്ചത്.
‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളാണെങ്കിൽ നിങ്ങൾക്ക് സബ്സിഡി കിട്ടില്ല. മുസ്ലിം, സിക്ക്, ബുദ്ധ മതക്കാർക്ക് വാഹനം വാഹനം വാങ്ങാൻ സബ്സിഡി ലഭിക്കും’- സുധീർ ചൗധരി വാർത്താവതരണത്തിൽ പറഞ്ഞു. ഇതേ വാദം പല ബി.ജെ.പി നേതാക്കളും ഉന്നയിച്ചിരുന്നു. പ്രസ്തുത പദ്ധതി ഹിന്ദുക്കൾക്ക് ലഭ്യമല്ലെന്ന് പ്രചരിപ്പിച്ചതിലൂടെ പദ്ധതിയെ വർഗീയവത്കരിക്കാൻ ആജ്തക് ചാനലിന്റെ സുധീർ ചൗധരി ശ്രമിച്ചതായി മന്ത്രി പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.