വായ്പ തിരിച്ചടക്കാൻ നവജാത ശിശുവിനെ തട്ടിയെടുത്ത് വിൽപ്പന നടത്തിയ ഡോക്ടർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ നവജാത ശിശുവിനെ തട്ടിയെടുത്ത് വിൽപ്പന നടത്തിയ ഡോക്ടർ അറസ്റ്റിൽ. ചാമരാജ്പേട്ടിലെ ആശുപത്രിയിൽ കഴിഞ്ഞവർഷമാണ് സംഭവം.
മനശാസ്ത്രജ്ഞയായ ഡോ. രശ്മി ശശികുമാറാണ് അറസ്റ്റിലായത്. ബന്നേർഘട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഇവർ. ബൃഹത് ബംഗളൂരു മഹാനഗര പാലിക മെറ്റേണിറ്റി ഹോമിൽനിന്ന് ഇവർ കുഞ്ഞിനെ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഇവരുടെ രോഗികളായ ദമ്പതികൾക്ക് ഇവർ കുഞ്ഞിനെ വിൽക്കുകയായിരുന്നു. 16ലക്ഷം രൂപക്കാണ് ഇവർ കുഞ്ഞിനെ വിറ്റത്. വായ്പ തുക തിരിച്ചടക്കാനാണ് കുഞ്ഞിനെ വിറ്റതെന്ന് ഇവർ പൊലീസിൽ മൊഴി നൽകി.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് സംശയമുള്ളവരുടെ ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് അന്വേഷണ സംഘം പ്രതിയെ തിരിച്ചറിയുന്നത്.
എഴെട്ടു വർഷമായി ഡോക്ടറുടെ ചികിത്സയിലായിരുന്നു ദമ്പതികൾ. ഇവരുടെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഇതോെട ദമ്പതികൾ മറ്റൊരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആരോഗ്യ കാരണങ്ങളാൽ അത് സാധ്യമായിരുന്നില്ല.
തുടർന്ന് ഡോക്ടർ വാടക ഗർഭപാത്രം സംഘടിപ്പിച്ച് നൽകാമെന്ന് വാക്കുനൽകുകയായിരുന്നു. വാടക ഗർഭപാത്രം സംഘടിപ്പിച്ചതായി ദമ്പതികളോട് കള്ളം പറയുകയും ചെയ്തു. എന്നാൽ, നിരവധിപേരെ സമീപിച്ചിട്ടും നിരാശയായിരുന്നു ഫലം. പറഞ്ഞ സമയം കഴിഞ്ഞതോടെ ചാമരാജ്പേട്ടിലെ ആശുപത്രിയിലെത്തിയ ഡോക്ടർ പിറകിലെ ഗേറ്റ്വഴി കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് കുഞ്ഞിെൻറ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടർ പിടിയിലാകുന്നത്.
കുഞ്ഞിനെ വിലക്ക് വാങ്ങിയവർക്ക് ഡോക്ടർ നടത്തിയ കുറ്റകൃത്യത്തെക്കുറിച്ച് അറിവില്ലായിരുന്നു. കുഞ്ഞിെൻറ യഥാർഥ മാതാപിതാക്കൾക്ക് കുഞ്ഞിനെ കൈമാറിയതായും ഡി.സി.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.