യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന് പിന്നിൽ മനുഷ്യക്കടത്ത് റാക്കറ്റ്; അന്വേഷണം കേരളത്തിലേക്കും- പ്രതികളിൽ രണ്ടുപേരെ പൊലീസ് കാലിൽ വെടിവെച്ചു വീഴ്ത്തി
text_fieldsബംഗളൂരു: ബംഗളൂരുവിൽ യുവതിയെ അതിക്രൂരമായി മർദിക്കുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം സംബന്ധിച്ച അന്വേഷണം കേരളത്തിലേക്കും. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത് റാക്കറ്റ് ആണെന്നും അവർക്ക് കേരളവുമായി ബന്ധമുണ്ടെന്നും സൂചനകൾ ലഭിച്ച സാഹചര്യത്തിലാണിത്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോളാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചതെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
'ഈ കേസ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. സംഭവം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ രണ്ട് സ്ത്രീകളടക്കം ആറുപ്രതികെള പിടികൂടാൻ ബംഗളൂരു പൊലീസിന് കഴിഞ്ഞു. മനുഷ്യക്കടത്ത് റാക്കറ്റിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചത്. അവർ കേരളത്തിലാണെന്നാണ് പ്രതികളിൽനിന്ന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.
അതിനിടെ, സംഭവത്തിൽ ബംഗളൂരു പൊലീസ് പിടികൂടിയ പ്രതികളിൽ രണ്ടുപേർ തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇവരെ കാലിൽ വെടിവെച്ച് വീഴ്ത്തി പിടികൂടി. ബംഗളൂരുവിലെ അവലഹള്ളിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ബംഗ്ലാദേശിയെന്ന് സംശയിക്കുന്ന യുവതിയെ പിടിയിലായവർ ക്രൂരമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച രാത്രി നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമടങ്ങുന്ന സംഘം പിടിയിലായത്. ഇവരെ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തെളിവെടുപ്പിന് സംഭവസ്ഥലത്ത് കൊണ്ടുവന്നപ്പോളാണ് രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെതന്നും പൊലീസ് കാലിൽ വെടിവെച്ച് വീഴ്ത്തിയതെന്നും ബംഗളൂരു ഈസ്റ്റ് ഡി.സി.പി എസ്.ഡി. ശ്രണപ്പ പറഞ്ഞു. കുറ്റകൃത്യം പുനരാവിഷ്കരിക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടയിലാണ് പ്രതികൾ ഓടിയത്. വെടിവെപ്പിൽ പരിക്കേറ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറു ദിവസം മുമ്പാണ് യുവതി മർദനത്തിനും ബലാത്സംഗത്തിനും ഇരയായതെന്ന് കരുതപ്പെടുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റി വരെ പീഡിപ്പിക്കുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വിഡിയോ ക്ലിപ്പിൽനിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള വിവരങ്ങളും െവച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി. സാഗർ, മുഹമ്മദ് ബാബ ഷെയ്ഖ്, റിഥോയ് ബാബു എന്ന ടിക്ടോക് റിഥോയ്, ഹക്കീം എന്നിവരാണ് പിടിയിലായത്. ഇവരടക്കം പിടിയിലായവരും പീഡിപ്പിക്കപ്പെട്ട യുവതിയും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്.
യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നും പൊലീസ് പറയുന്നു. ഇൗ യുവതി ഇപ്പോൾ മറ്റൊരു സംസ്ഥാനത്താണ്. ഇവരെ കണ്ടെത്താൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്. അതിനുശേഷം ഇവരുടെ മൊഴി കൂടി മജിസ്ട്രേറ്റിനു മുന്നിൽ വെച്ച് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സാമ്പത്തിക ഇടപാട് സംബന്ധിച്ച എന്തോ തർക്കമാണ് ക്രൂരമായ പീഡനത്തിൽ കലാശിച്ചത്. അസമിൽ നടക്കുന്ന പീഡനം എന്ന നിലക്കാണ് വിഡിയോ ആദ്യം പ്രചരിക്കപ്പെട്ടത്. തുടർന്ന് അസം പൊലീസും പശ്ചിമ ബംഗാൾ പൊലീസും ഡൽഹി െപാലീസും വിഷയത്തിൽ ഇടപെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.