ബംഗളൂരു കലാപം: എസ്.ഡി.പി.ഐ ഓഫിസുകൾ ഉൾപ്പെടെ 43 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ്
text_fieldsബംഗളൂരു: എസ്.ഡി.പി.ഐ ഓഫിസുകൾ ഉൾപ്പെടെ 43 സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. കഴിഞ്ഞ ആഗസ്റ്റ് 11 ന് ബെംഗളൂരുവിലെ ഡി.ജെ ഹളളി, കെ.ജി ഹള്ളി പോലീസ് സ്റ്റേഷനുകൾക്കുനേരെ നടന്ന അക്രമവും കലാപവും സംബന്ധിച്ച് അന്വേഷണത്തിന്‍റെ ഭാഗമായായിരുന്നു പരിശോധന. വിവിധ സ്ഥലങ്ങളിലെ നാല് എസ്.ഡി.പി.ഐ ഓഫിസുകളിലാണ് പരിശോധന നടത്തിയത്.
വൻതോതിലുള്ള കലാപം സൃഷ്ടിക്കൽ, പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കൽ, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പൊതു- സ്വകാര്യ വാഹനം, സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കേസുകളാണ് ആക്രമികൾക്ക് എതിരെ ചുമത്തിയത്. ആക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ചതായും ഇത് സമൂഹത്തിൽ ഭീകരത ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എൻഐഎ വക്താവ് പറഞ്ഞു.
ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ ഇതുവരെ 124 പേരും കെ.ജി ഹള്ളി സ്റ്റേഷൻ ആക്രമണ കേസിൽ 169 പേരും അറസ്റ്റിലായിട്ടുണ്ട്. റെയ്ഡിൽ വാളുകൾ, കത്തികൾ, ഇരുമ്പ് കമ്പികൾ തുടങ്ങിയ ആയുധങ്ങൾ പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എൻ.ഐ.എ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ആഗസ്റ്റ് പതിനൊന്നിനാണ് ബംഗളൂരുവിൽ കലാപം നടന്നത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അൻപതോളം പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഇതുവരെ 377 പേരാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.