രാജ്യത്തെ ജീവിക്കാൻ കൊള്ളാത്ത നഗരങ്ങളിൽ ഒന്നാമത് ബംഗളൂരു; എല്ലാ കുഴപ്പങ്ങൾക്കും കാരണം മുൻ സർക്കാറുകളെന്ന് ബി.ജെ.പി
text_fieldsലോകത്തിലെ വിവിധ നഗരങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസി നടത്തിയ പഠനത്തിൽ അവസാന സ്ഥാനത്തായി കർണാടകയുടെ തലസ്ഥാനമായ ബംഗളൂരു. ആഗോള മാധ്യമ, വിവര സേവന കമ്പനിയായ ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ-വിശകലന വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റ് (ഇ.ഐ.യു) ആണ് പഠനം നടത്തിയത്. ലോക നഗരങ്ങളെ ആവാസയോഗ്യതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചുള്ള പട്ടികയും ഇവർ പുറത്തിറക്കി. പട്ടിക പ്രകാരം ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും താമസയോഗ്യമല്ലാത്ത നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവാണ്.
ഇ.ഐ.യുവിന്റെ 'ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് 2022' ലോകമെമ്പാടുമുള്ള 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങൾ വിശകലനം ചെയ്തിരുന്നു. അതിൽ ഇന്ത്യയിൽ നിന്ന് അഞ്ച് നഗരങ്ങളും ഉൾപ്പെടുന്നു. ബംഗളൂരുവിനെക്കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവയാണ് മറ്റ് നഗരങ്ങൾ. അഞ്ച് ഇന്ത്യൻ നഗരങ്ങളും പട്ടികയിൽ 140 നും 146 നും ഇടയിലാണ് ഇടം പിടിച്ചത്.
ഇന്ത്യൻ നഗരങ്ങളിൽ, 56.5 ലിവബിലിറ്റി സ്‌കോർ ഉള്ള ന്യൂഡൽഹിക്ക് 140-ാം റാങ്ക് ലഭിച്ചു. തൊട്ടുപിന്നാലെ മുംബൈ 141 (സ്കോർ 56.2), ചെന്നൈ 142 (സ്കോർ 55.8), അഹമ്മദാബാദ് 143 (സ്കോർ 55.7), ബെംഗളൂരു 146 (സ്കോർ 54.4) എന്നിങ്ങനെ സ്ഥാനം ലഭിക്കുകയായരുന്നു.
അതേ സമയം ബംഗളൂരുവിന്റെ ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം മുമ്പ് ഭരിച്ച സര്‍ക്കാരുകളുടെ പരാജയമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബംഗളൂരുവിനെ അന്താരാഷ്‌ട്ര ഗുണനിലവാരത്തോടും സൗകര്യങ്ങളോടും കൂടിയ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു സ്ഥാപകന്‍ നാദപ്രഭു കെമ്പഗൗഡയുടെ 513ാമത് ജന്മവാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെംഗളൂരുവിന് വിനയായത് മോശം അടിസ്ഥാന സൗകര്യങ്ങൾ
സുസ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ അഞ്ച് വിശാലമായ പാരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് പട്ടികയിൽ നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. സ്ഥിരതയ്ക്കും സംസ്കാരത്തിനും പരിസ്ഥിതിക്കും ഏറ്റവും ഉയർന്ന വെയിറ്റേജ് ഉണ്ട് - 25 ശതമാനം വീതം. ആരോഗ്യ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും 20 ശതമാനം വീതവും വിദ്യാഭ്യാസത്തിന് 10 ശതമാനം വെയിറ്റേജുമുണ്ട്.
സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തിൽ ബംഗളൂരു മറ്റ് ഇന്ത്യൻ നഗരങ്ങളോടൊപ്പം മുന്നേറുന്നുണ്ടെങ്കിലും, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശോചനീയമാണെന്ന് റിപ്പോർട്ട് പറയുന്നു. ഇൻഫ്രാസ്ട്രക്ചറിൽ നഗരത്തിന് 46.4 (100-ൽ) സ്‌കോർ ലഭിച്ചു, ഇത് എല്ലാ ഇന്ത്യൻ നഗരങ്ങളിലും ഏറ്റവും താഴ്ന്നതാണ്. ഡൽഹിക്കാണ് ഏറ്റവും ഉയർന്ന സ്കോർ - 62.5.
ഈ സൂചികയിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച പാകിസ്ഥാനിലെ കറാച്ചി പോലും, അടിസ്ഥാന സൗകര്യങ്ങളുടെ മികവിൽ ബംഗളൂരുവിനേക്കാൾ മികച്ച സ്കോർ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.