ദയാവധത്തിനായി സുഹൃത്ത് സ്വിറ്റ്സർലൻഡിലേക്ക്; യാത്ര തടയണമെന്നാവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനി കോടതിയിൽ
text_fieldsന്യൂഡൽഹി: അവധിക്കുശേഷം അടുത്തയാഴ്ച തുറക്കുന്ന ഡൽഹി ഹൈകോടതി ഒരു അസാധാരണ ഹരജി പരിഗണിക്കും. 49കാരിയ ബംഗളൂരു സ്വദേശിനിയാണ് ഹരജി നൽകിയത്.
ദയാവധത്തിനായി യൂറോപ്പിലേക്ക് പോകുന്ന സുഹൃത്തിന്‍റെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. നോയിഡ സ്വദേശിയായ 48കാരന്‍റെ യാത്ര തടയണമെന്നാണ് ആവശ്യം. 2014 മുതൽ തന്‍റെ സുഹൃത്ത് ക്രോണിക് ഫാറ്റിഗ് സിൻഡ്രോം ബാധിതനാണെന്നും ഡോക്ടർമാരുടെ സഹായത്തോടെ ദയാവധത്തിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാനാണ് പദ്ധതിയെന്നും ബുധനാഴ്ച കോടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
ക്രോണിക് ഫറ്റിഗ് സിന്‍ഡ്രോം ഒരു ദീര്‍ഘകാല ക്ഷീണരോഗമാണ്. രോഗിയുടെ അടുത്ത സുഹൃത്താണെന്ന് വിശേഷിപ്പിച്ചാണ് ഹരജി നൽകിയത്. സുഹൃത്തിന്‍റെ യാത്ര നിർത്തിവെക്കണമെന്ന അപേക്ഷ അനുവദിച്ചില്ലെങ്കിൽ അവന്‍റെ രക്ഷിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അത് നികത്താനാവാത്ത നഷ്ടമായിരിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. സുഹൃത്ത് എയിംസിൽ ഫെക്കൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്‍റേഷൻ എന്ന ചികിത്സാരീതിക്ക് വിധേയനായിരുന്നുവെങ്കിലും കോവിഡ് മഹാമാരിയിൽ ദാതാക്കളുടെ ലഭ്യത പ്രശ്‌നങ്ങൾ കാരണം ചികിത്സ തുടരാൻ കഴിഞ്ഞില്ല.
ഇതിനിടെ സുഹൃത്തിന്‍റെ ആരോഗ്യനില തീർത്തും വഷളായി. നിലവിൽ പൂർണമായി കിടപ്പിലാണ്. വീടിനുള്ളിൽ കുറച്ച് ചുവടുകൾ മാത്രമേ ഇദ്ദേഹത്തിന് നടക്കാനാകുന്നുള്ളു. രക്ഷിതാക്കൾക്ക് എഴുപതിലധികം പ്രായമുണ്ട്. അവരുടെ ഏക മകനാണ് സുഹൃത്ത്. ഒരു സഹോദരിയുണ്ടെന്നും ഹരജിയിൽ പറയുന്നു. ബെൽജിയത്തിലെ ഒരു ക്ലിനിക്കിൽ ചികിത്സ തേടുന്നു എന്ന തെറ്റായ വിവരങ്ങൾ നൽകി 26 യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനിയന്ത്രിതമായ യാത്ര അനുവദിക്കുന്ന ഷെഞ്ചൻ വിസ രോഗി നേരത്തെ നേടിയിരുന്നു. ദയാവധത്തിനായുള്ള മനഃശാസ്ത്രപരമായ വിലയിരുത്തലിന്റെ ആദ്യ റൗണ്ടിനായി ബെൽജിയം വഴി ജൂൺ മാസത്തിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകുകയും ചെയ്തു.
വിദേശ പൗരന്മാർക്ക് സഹായം നൽകുന്ന സൂറിച്ച് ആസ്ഥാനമായുള്ള ഡിഗ്നിറ്റാസ് എന്ന സംഘടനയിലൂടെ ദയാവധത്തിന് വിധേയനാവാനാണ് ഇയാൾ തീരുമാനിച്ചത്. 2018ൽ രാജ്യത്ത് സുപ്രീംകോടതി ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയിരുന്നു. നിഷ്ക്രിയ ദയാവധം അല്ലെങ്കിൽ പാസിവ് യുത്തനേസിയക്കാണ് അനുമതി. രോഗിയ മരുന്ന് കുത്തിവെച്ച് പെട്ടന്ന് മരിക്കാൻ അനുവദിക്കുന്ന രീതിയല്ല പാസീവ് യുത്തനേസിയയിൽ നിലവിലുള്ളത്.
മെഡിക്കൽ ട്രീറ്റ്മെന്‍റ് പൂർണമായും ഒഴിവാക്കി രോഗിയെ മരിക്കാൻ അനുവദിക്കുന്നതാണ് പാസീവ് യുത്തനേസിയ. മരുന്നുകളും ജീവൻ രക്ഷ മരുന്നുകളും ഇത്തരത്തിൽ ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.