രാഹുൽ, ആശംസകൾ...നിങ്ങളുടെ ആശയങ്ങൾ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാർ
text_fieldsബെംഗളൂരു: ഉത്തർപ്രദേശിലെ റായ്ബറേലി പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ രാഹുലിന്റെ ആശയങ്ങൾ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ഡി.കെ. ചൂണ്ടിക്കാട്ടി.
കുറിപ്പിന്റെ പൂർണരൂപം
റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുൽ ഗാന്ധിക്ക് എന്റെ ആശംസകൾ. സോണിയ ഗാന്ധി പാർലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികൾ നിങ്ങൾ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ നിങ്ങൾ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽ മത്സരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുൽ മത്സരിച്ച അമേത്തിയിൽ ഇക്കുറി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ സ്ഥാനാർഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
1952 മുതൽ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റാണ് റായ്ബറേലി. പാർട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് റായ്ബറേലിയിൽ മത്സരിക്കുന്നതിൽനിന്നും സോണിയ പിന്മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.