സൂം മീറ്റിംഗിനിടെ 900 ജീവനക്കാരെ പിരിച്ചുവിട്ട ബെറ്റർ ഡോട്ട് കോം സി.ഇ.ഒ വിശാൽ ഗാർഗ് കമ്പനിയിൽ തിരിച്ചെത്തുന്നു
text_fieldsസൂം മീറ്റിംഗിനിടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ നേരിട്ട ബെറ്റർ ഡോട്ട് കോം സി.ഇ.ഒ വിശാൽ ഗാർഗ് ഇടവേളക്ക് ശേഷം കമ്പനിയിലേക്ക് തിരിച്ചെത്തുന്നതായി പ്രഖ്യാപിച്ചു. സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ഗാർഗ് അവധിയിൽ പ്രവേശിച്ചത്. വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോം വഴി ജീവനക്കാരെ പിരിച്ചുവിട്ട ഗാർഗിന്‍റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ വിമർശനം ഉന്നയിച്ചിരുന്നു. നെറ്റിസൺമാരുടെ രോഷം കണക്കിലെടുത്ത് ഗാർഗ് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറയുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ പ്രകടനവും ഉത്പാദനക്ഷമതയും വിലയിരുത്തിയാണ് പിരിച്ചുവിടൽ നടത്തിയതെന്ന് വിശാൽ ഗാർഗ് അന്ന് അവകാശമുന്നയിച്ചിരുന്നു. എന്നാൽ പിരിച്ചുവിടൽ നടത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിലടക്കം കനത്ത പ്രതിഷേധങ്ങൾ ഉയരുകയും ബെറ്റർ ഡോട്ട് കോമിലെ മൂന്ന് മുൻനിര ജീവനക്കാർ രാജിവെക്കുകയും ചെയ്തിരുന്നു. കമ്പനിയിൽ വിശ്വാസമർപ്പിച്ച് അതിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചവരെ മുന്നറിയിപ്പുകൾ നൽകാതെ സ്വന്തം ഇഷ്ടത്തിന് ഗാർഗ് പിരിച്ചുവിട്ടതായി ജീവനക്കാർ ആരോപിച്ചു. നേരത്തെയും ഗാർഗ് സൂം കോളിലൂടെ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, ജീവനക്കാരുടെ സംഭാവനകളോട് ഉചിതമായ ബഹുമാനവും അഭിനന്ദനവും കാണിക്കുന്നതിൽ താന്‍ പരാജയപ്പെട്ടുവെന്നും പ്രസ്തുത സാഹചര്യത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മെച്ചപ്പെട്ട നേതൃപാടവം വരുംകാലങ്ങളിൽ പ്രകടിപ്പിക്കുമെന്നും കാണിച്ച് വിശാൽ ഗാർഗ് ജീവനക്കാർക്കുള്ള ക്ഷമാപണ കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. അവസാനമായി പിരിച്ചുവിടൽ പ്രഖ്യാപിച്ചപ്പോൾ താൻ കരഞ്ഞതായും അദ്ദേഹം കത്തിൽ പരാമർശിച്ചിരുന്നു.
വിമർശനങ്ങളെ തുടർന്ന് കമ്പനി ഗാർഗിനോട് അവധിയിൽ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും കമ്പനിയുടെ ദൈനംദിന തീരുമാനങ്ങൾ കൈകാര്യം ചെയ്യാന്‍ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കെവിൻ റെയാനെ നിയമിക്കുകയും ചെയ്തിരുന്നു. 2016ൽ സ്ഥാപിതമായ മോർട്ട്ഗേജ് കമ്പനിയായ ബെറ്റർ ഡോട്ട് കോം, ഓൺലൈനിലൂടെ ഉപയോക്താകൾക്ക് ജാമ്യം, പണയം, ഇൻഷുറൻസ് തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.