രാജ്യത്തെ ആശങ്കയിലാക്കുന്ന വ്യാജവാർത്തകൾ സൂക്ഷിക്കണമെന്ന് മോദി
text_fieldsഒരൊറ്റ വ്യാജവാർത്തക്ക് രാജ്യത്ത് ആശങ്ക സൃഷ്ടിക്കാൻ കഴിവുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗമായ 'ചിന്തൻ ശിവിർ' അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഏത് വിവരവും മറ്റുള്ളവർക്ക് കൈമാറുന്നതിന് മുമ്പ് വിശകലനം ചെയ്യുന്നതിനെക്കുറിച്ചും പരിശോധിച്ചുറപ്പിക്കുന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത മോദി ഊന്നിപ്പറഞ്ഞു.
"ഏതെങ്കിലും വിവരങ്ങൾ കൈമാറുന്നതിന് മുമ്പ് ഒരാൾ 10 തവണ ചിന്തിക്കുകയും അത് വിശ്വസിക്കുന്നതിന് മുമ്പ് അത് പരിശോധിക്കുകയും വേണം. എല്ലാ പ്ലാറ്റ്‌ഫോമിലും ഏത് വിവരവും പരിശോധിക്കാനുള്ള ടൂളുകൾ ഉണ്ട്. നിങ്ങൾ വ്യത്യസ്ത ഉറവിടങ്ങളിലൂടെ ബ്രൗസ് ചെയ്യുകയാണെങ്കിൽ, അതിന്റെ പുതിയ പതിപ്പ് നിങ്ങൾക്ക് ലഭിക്കും" -പ്രധാനമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയയുടെ സാധ്യതകൾ ചൂണ്ടിക്കാട്ടി, അതിനെ വിവരങ്ങളുടെ ഉറവിടമായി പരിമിതപ്പെടുത്തരുതെന്നും മോദി പറഞ്ഞു. മുൻകാലങ്ങളിൽ തൊഴിൽ സംവരണത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾ മൂലം ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടങ്ങളെ സംബന്ധിച്ചും മോദി സംസാരിച്ചു. ''വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ സാങ്കേതിക വിദ്യയുമായി നാം മുന്നോട്ട് വരണം" -പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.