പുതിയ നിയമമന്ത്രി മേഘ്‌വാൾ മികച്ച ശാസ്ത്രജ്ഞൻ, കോവിഡിന് മരുന്നായി ഭാഭി ജി കാ പപ്പട് കണ്ടുപിടിച്ചയാൾ! -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: പുതിയ നിയമമന്ത്രി അർജുൻ രാം മെഗ്വാളിന്റെ വിവരക്കേടിനെ ട്രോളി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഭാഭി ജി കാ പപ്പട് കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്ന് കോവിഡിന്റെ തുടക്കഘട്ടത്തിൽ മെഗ്‍വാൾ പ്രചരിപ്പിച്ചിരുന്നു. ഇത് കുത്തിപ്പൊക്കിയാണ് പ്രശാന്ത് ഭൂഷൺ രംഗത്തുവന്നത്. റിജിജുവിന്റെ വറചട്ടിയിൽ നിന്ന് മേഘ്‌വാളിന്റെ എരിതീയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മേഘ്‌വാളും മികച്ച ശാസ്ത്രജ്ഞനാണ്. കോവിഡിന് ശക്തമായ മറുമരുന്നായി "ഭാഭി ജി കാ പപ്പട്" ഉപയോഗിക്കാം എന്ന വിവരം അദ്ദേഹം നമുക്ക് പകർന്നുതന്നിട്ട് അധികം കാലമൊന്നുമായിട്ടില്ല. റിജിജുവിന്റെ വറചട്ടിയിൽ നിന്ന് മേഘ്‌വാളിന്റെ എരിതീയിലേക്കാണ് കാര്യങ്ങളുടെ പോക്ക്!’ -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
കോവിഡിനെ പപ്പടം കഴിച്ചാൽ ചെറുക്കാമെന്നായിരുന്നു അന്ന് പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്ന അർജുൻ മെഗ്‍വാൾ അവകാശപ്പെട്ടത്. 'ഭാഭിജി കി പപ്പഡ്' എന്ന ബ്രാൻഡ് പപ്പടം കോവിഡിനെയും മറ്റും ചെറുക്കാനുള്ള പ്രതിരോധ ശേഷി നൽകുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. ആത്മനിർഭർ ഭാരതിൻെറ ഭാഗമായി നിർമിച്ച ഈ പപ്പടം കൊറോണ വൈറസിനെതിരായ ആൻറിബോഡി ശരീരത്തിലുൽപാദിപ്പിക്കുമെന്ന അവകാശവാദവുമായി മന്ത്രി വിഡിയോ പുറത്തിറക്കുകയായിരുന്നു. വിഡിയോ പുറത്തിറങ്ങി അധികം വൈകാതെ തന്നെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് അന്ന് ഏറെ ട്രോളുകൾക്കിടയാക്കിയിരുന്നു. ഡൽഹി എയിംസ് ആശുപത്രിയിൽ ദിവസങ്ങളോളം അഡ്മിറ്റായ ശേഷമാണ് അർജുൻ മെഗ്‍വാൾ രോഗമുക്തനായത്.
കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റിയാണ് പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്ന അർജുൻ രാം മെഗ്‍വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കിയത്. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.
പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ന് രാവിലെയാണ് സ്ഥാനമാറ്റം മാറ്റം പ്രഖ്യാപിച്ചത്. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് കിരൺ റിജിജുവിന് മാറ്റം. കാബിനറ്റ് പദവിയോടെ നിയമമന്ത്രിയായി ഉയർത്തപ്പെട്ടിട്ട് ഒരു വർഷം തികയും മുമ്പാണ് റിജിജുവിന് സ്ഥാനചലനം. അതേസമയം, അർജുൻ മെഗ്‍വാളിന് നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല മാത്രമാണ് നൽകിയിട്ടുള്ളത്. കാബിനറ്റ് പദവി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.