ഭഗവത്ഗീത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസും എ.എ.പിയും
text_fieldsഗാന്ധിനഗർ: ഭഗത്‍ഗീത സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഗുജറാത്ത് സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ പാസായി. കോൺഗ്രസും എ.എ.പിയും ഉൾപ്പടെയുള്ള പാർട്ടികൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.
പ്രമേയത്തെ സ്വാഗതം ചെയ്ത എ.എ.പി അതിന് തുടക്കം മുതൽ തന്നെ പിന്തുണ നൽകിയിരുന്നു. കോൺഗ്രസ് ആദ്യം എതിർപ്പുയർത്തിയെങ്കിലും വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ എതിർപ്പില്ലാതെ പ്രമേയം പാസായി.
ഭഗവത്ഗീതയിലെ മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുമെന്നായിരുന്നു ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. അടുത്ത വർഷം മുതൽ ആറ് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭഗവത്ഗീത പഠിപ്പിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രഖ്യാപനം.
വിദ്യാഭ്യാസ സഹമന്ത്രി പ്രഫൂൽ പൻഷേരിയയാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്. 2020ലെ ദേശീയ വിഭ്യാഭ്യാസ നയം ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്കാരം കുട്ടികളെ പഠിപ്പിക്കണമെന്ന് നിഷ്‍കർഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഭഗവത്ഗീത കഥകളായും പദ്യങ്ങളായുമാണ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക. ഭഗവത്ഗീത ഇന്ത്യയിലെ സന്യാസിമാർക്കും വിപ്ലവകാരികൾക്കും മാത്രമല്ല പ്രചോദനമായത്. വിദേശചിന്തകരേയും ഭഗവത്ഗീത സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാറിന്റെ പരാജയങ്ങൾ മറക്കാനുള്ള ശ്രമമാണ് ഭഗവത്ഗീതയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ ബി.ജെ.പി സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
അധ്യാപക വിദ്യാർഥി അനുപാതത്തിൽ രാജ്യത്ത് 18 വലിയ സംസ്ഥാനങ്ങളിൽ 15ാം സ്ഥാനമാണ് ഗുജറാത്തിനുള്ളതെന്ന് കോൺഗ്രസ് എം.എൽ.എ ക്രിതിപട്ടേൽ പറഞ്ഞു. ഇത് ഗൗരവകരമായ വിഷയമാണ്. ഗുജറാത്തിലെ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ കൊഴിഞ്ഞു പോവുകയാണെന്നും ക്രിതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.