'ദർശനത്തിനെത്തുന്ന കുട്ടികൾക്ക് സൗജന്യ ഭഗവത് ഗീത; ഗോവിന്ദ നാമം എഴുതുന്നവർക്ക് വി.ഐ.പി ദർശനം'; സനാതനധർമത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി തിരുമല ക്ഷേത്രം
text_fieldsതിരുമല: സനാതനധർമ വിവാദങ്ങൾ തുടരുന്നതിനിടെ സനാതനധർമത്തെ പ്രചരിപ്പിക്കാൻ പുതിയ വഴികൾ ചമഞ്ഞ് തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് (ടി.ടി.ഡി). തിരുമലയിൽ ദർശനത്തിനെത്തുന്ന പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഭഗവത്ഗീത നൽകാനാണ് ബോർഡിന്‍റെ നീക്കം. പുതുതായി രൂപീകരിച്ച ടി.ടി.ഡി ബോർഡിന്‍റെ അണ്ണാമയ്യയിൽ വെച്ച് നടന്ന ആദ്യ യോഗത്തിലായിരുന്നു തീരുമാനം. രാമനാമത്തിന് സമാനമായി ഒരു കോടി തവണ ഗോവിന്ദ നാമം എഴുതുന്ന 25 വയസോ അതിൽ താഴെയോ പ്രായമുള്ള യുവാക്കൾക്ക് അവരുടെ കുടുംബത്തോടൊപ്പം വി.ഐ.പി ദർശനത്തിനുള്ള സൗകര്യമൊരുക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
തിരുപ്പതിയിൽ നിന്നുള്ള യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.പി) നിയമസഭാംഗവും ടി.ടി.ഡി ചെയർമാനുമായ ഭുമന കരുണാകർ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. സനാതനം ഒരു മതമല്ല, ജീവിതശൈലിയാണ്. ഉദയനിധി സ്റ്റാലിൻ നടത്തിയ ഇത്തരം പരാമർശങ്ങൾ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ റെഡ്ഡി പറഞ്ഞു. സനാതനധർമത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് ടി.ടി.ഡി ഏർപ്പെട്ടിരിക്കുന്നതെന്നും എല്ലാ അംഗങ്ങളും സനാതനത്തെ പ്രോത്സാഹിപ്പിക്കാനും ഹിന്ദുത്വ ധർമങ്ങളുടെയും നിലനിൽപ്പിനായും പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ നിന്നുള്ള ദശലക്ഷക്കണക്കിന് സന്ദർശകരെത്തുന്ന ക്ഷേത്രമാണ് തിരുപ്പതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.