‘സുരക്ഷയൊരുക്കാനാവില്ല’; ഭഗവന്ത് മാൻ പാരിസിൽ പോകേണ്ടെന്ന് കേന്ദ്രം
text_fieldsചണ്ഡിഗഢ്: ഇന്ത്യൻ ഹോക്കി ടീമിന് പിന്തുണ നൽകാനായി പാരിസിലേക്ക് പോകാൻ തയാറെടുത്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന് യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. ആഗസ്റ്റ് മൂന്ന് മുതൽ ഒമ്പത് വരെയായിരുന്നു ഭഗവന്ത് മാൻ പാരിസ് സന്ദർശിക്കാനിരുന്നത്. സെഡ്-പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് കുറഞ്ഞ സമയത്തിനുള്ളിൽ പാരിസിൽ ഇത്രയും ഉയർന്ന സുരക്ഷ ഒരുക്കാനാവില്ലെന്ന് കാണിച്ചാണ് കേന്ദ്രം യാത്ര വിലക്കിയത്. ആഗസ്റ്റ് നാലിനാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സ് ക്വാർട്ടർ മത്സരത്തിനിറങ്ങുന്നത്.
കേന്ദ്രം അനുമതി നിഷേധിച്ചതിനു പിന്നാലെ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് സിങ്ങിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു. ആസ്ട്രേലിയക്കെതിരെ നേടിയ ചരിത്ര ജയത്തിനും ക്വാർട്ടർ പ്രവേശനത്തിനുമായിരുന്നു അഭിനന്ദനം. തനിക്ക് അവിടെ എത്താനായില്ലെങ്കിലും എല്ലാ ഭാവുകങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രം യു.എസിലേക്കുള്ള യാത്രാനുമതി നിഷേധിച്ചെന്ന് കാണിച്ച് പഞ്ചാബ് സ്പീക്കർ കുൽത്താർ സിങ് സന്ധ്വാനും രംഗത്തുവന്നിട്ടുണ്ട്. ആഗസ്റ്റ് നാല് മുതൽ ഏഴ് വരെ കെന്റക്കിയിൽ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു സ്പീക്കർ അനുമതി തേടിയത്.
നയതന്ത്ര പാസ്പോർട്ട് കൈവശമുള്ള മുതിർന്ന നേതാക്കൾ വിദേശ സന്ദർശനത്തിനു മുമ്പ് കേന്ദ്ര സർക്കാറിന്‍റെ അനുമതി നേടേണ്ടതുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളം, കർണാടക, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കൾക്കും സമാന രീതിയിൽ യാത്രാനുമതി നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.