ഭഗവന്ത് മന്നിന്റെ വിവാഹത്തിന് കുടുംബസമേതം കെജ്‌രിവാൾ
text_fieldsചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനായി. ഹരിയാനയിലെ കുരുക്ഷേത്ര നിവാസി ഡോ. ഗുർപ്രീത് കൗർ ആണ് വധു. ചണ്ഡിഗഢിലെ മന്നിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട ചുരുക്കം അതിഥികളുമാണ് പങ്കെടുത്തത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളും കുടുംബവും ചടങ്ങിനെത്തിയിരുന്നു. സിക്ക് മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. കനത്ത സുരക്ഷ വലയത്തിനുള്ളിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹ ചടങ്ങുകളുടെ കാര്യമായ ചിത്രങ്ങളും പുറത്തുവന്നിട്ടില്ല.
മഞ്ഞ തലപ്പാവിനൊപ്പം സ്വർണനിറമുള്ള കുർത്തയും പൈജാമയുമായിരുന്നു ഭഗവന്ത് മന്നിന്റെ വിവാഹ വേഷം. കടുംചുവപ്പ് നിറത്തിലുള്ള പഞ്ചാബി ഷർവാണിയിട്ടായിരുന്നു വധു ഡോ. കൗർ ചടങ്ങിനെത്തിയത്. 'കല്യാണ ദിവസം വന്നെത്തി' എന്ന അടിക്കുറിപ്പോടെ ഡോ. കൗർ തന്നെയാണ് ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്. മന്നിന്റെ വിവാഹ ഫോട്ടോകൾ കൂടുതലും പങ്കുവെച്ചത് പാർട്ടിയിൽ അദ്ദേഹത്തിന്റെ സുഹൃത്തായ രാഘവ് ഛദ്ദയായിരുന്നു. തീർത്തും സിക്ക് ആചാരപ്രകാരം നടന്ന ചടങ്ങിൽ മന്നിന്റെ മാതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു.
അതേസമയം, മന്നിന്റെ രണ്ടാംവിവാഹമാണിത്. ആദ്യ ഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. 2015ലാണ് ആദ്യ ഭാര്യയുമായി വേർപിരിഞ്ഞത്. 30കാരിയായ ഗുർപ്രീത് കൗർ 2018ൽ ഹരിയാനയിലെ സ്വകാര്യ സർവകലാശാലയിൽനിന്നാണ് എം.ബി.ബി.എസ് നേടിയത്. ഇവർക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഇവരും വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.