ഭജൻ ലാൽ ശർമ: പിൻനിരയിൽനിന്ന് നേതാവിലേക്ക്
text_fieldsജയ്പുർ: ചൊവ്വാഴ്ച രാജസ്ഥാൻ നിയമസഭാകക്ഷി യോഗത്തിനു മുന്നോടിയായി ബി.ജെ.പി ഓഫിസിൽവെച്ച് എടുത്ത ഗ്രൂപ് ഫോട്ടോയിൽ ഭജൻ ലാൽ ശർമയുടെ സ്ഥാനം ഏറ്റവും പിൻനിരയിലായിരുന്നു. ഒരു മണിക്കൂറിനുശേഷം അദ്ദേഹം മുൻനിരയിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്.
ഡൽഹിയിൽനിന്നെത്തിയ ബി.ജെ.പിയുടെ മൂന്നു കേന്ദ്ര നിരീക്ഷകരാണ് ആദ്യതവണ എം.എൽ.എയായ ഇദ്ദേഹത്തിന്റെ പേര് നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് നിർദേശിച്ചത്. അങ്ങനെ തികച്ചും അപ്രതീക്ഷിതമായി മുഖ്യമന്ത്രിസ്ഥാനവും സ്വന്തമായി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഭജൻ ലാൽ ശർമ എന്നും അപ്രശസ്തനായി നിൽക്കാനാണ് ആഗ്രഹിച്ചത്. കടുത്ത ആർ.എസ്.എസുകാരനായ ഇദ്ദേഹം അയോധ്യയിലെ രാമക്ഷേത്രപ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ഇതിന്റെ പേരിൽ ജയിലിലായിട്ടുണ്ട്. എ.ബി.വി.പിയിലൂടെയാണ് ഭജൻ ലാൽ ശർമ രാഷ്ട്രീയ രംഗത്തെത്തുന്നത്. രണ്ടു തവണ ഗ്രാമ സർപഞ്ചായ ഇദ്ദേഹം ഭാരതീയ ജനത യുവമോർച്ചയിലും പാർട്ടിയിലും വിവിധ പദവികൾ വഹിച്ചു. കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് 1990ൽ എ.ബി.വി.പി ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുത്ത് ഉധംപുരിൽവെച്ച് അറസ്റ്റ് വരിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദമുള്ള ശർമക്ക് കാർഷിക വിപണന ബിസിനസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.