ആളിക്കത്തി കർഷക പ്രതിഷേധം: പഞ്ചാബിലും ഹരിയാനയിലും ബന്ദ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക ബില്ലുകൾക്കെതിരെ കർഷക സംഘടനകളുടെ ദേശീയ കൂട്ടായ്മയായ അഖിലേന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന രാജ്യവ്യാപക പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തം. പുതിയ നിയമം ഏറെ ബാധിക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ പ്രതിഷേധം ബന്ദായി മാറി.
എൻ.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദളും പഞ്ചാബിൽ തെരുവിലിറങ്ങി. ലുധിയാന ദേശീയപാതയിലെ ടോൾബൂത്ത് സമരക്കാർ കൈയേറി. അമൃത്സർ- ഡൽഹി, ചണ്ഡിഗഢ്- ഡൽഹി ദേശീയ പാതകളിൽ പന്തൽകെട്ടിയായിരുന്നു സമരം. പഞ്ചാബിൽ വ്യാഴാഴ്ച ആരംഭിച്ച മൂന്നു ദിവസം നീണ്ട റെയിൽ പാത ഉപരോധം തുടരുകയാണ്. ഹരിയാനയിൽ കർഷകർ ട്രാക്ടറും മറ്റു കാർഷിക ഉപകരണങ്ങളുമായി റോഡ്, റെയിൽ പാതകൾ തടസ്സപ്പെടുത്തി.
ഡൽഹി ജന്തർമന്തറിൽ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കിസാൻ സഭ നേതാവ് ഹനൻമൊല്ല, എം.പിമാരായ കെ.കെ. രാഗേഷ്, ബിനോയ് വിശ്വം തുടങ്ങിയവർ പ്രതിഷേധത്തിൽ പെങ്കടുത്തു. കർഷക പ്രതിഷേധം ഭയന്ന് ഡൽഹിയിൽ വൻ സുരക്ഷയാണ് ഒരുക്കിയത്. ഉത്തർപ്രദേശിൽനിന്നുള്ള കർഷകർ പ്രതിഷേധവുമായി എത്തിയതോടെ അതിർത്തി ഡൽഹി പൊലീസ് അടച്ചു. ഉത്തർപ്രദേശിലും വ്യാപക പ്രതിഷേധം നടന്നു.
ബിഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ട്രാക്ടർ ഒാടിച്ച് പ്രതിഷേധത്തിൽ പെങ്കടുത്തു. ബിഹാറിൽ പ്രതിഷേധിച്ച ജൻ അധികാർ പാർട്ടി പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മർദിച്ചു. പശ്ചിമ ബംഗാളിൽ കർഷകർക്കൊപ്പം തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പെങ്കടുത്തു. കിസാൻ സഭയുടെ നേതൃത്വത്തിൽ ദേശീയ പാതകൾ ഉപരോധിച്ചു.
രാജസ്ഥാനിൽ കോട്ട, നാഗോർ, സികർ എന്നിവിടങ്ങളിൽ വൻ പ്രതിഷേധം നടന്നു. ഗുജറാത്തിൽ ജില്ല ആസ്ഥാനങ്ങളിൽ കോൺഗ്രസ്, കിസാൻ സഭ പ്രവർത്തകർ പ്രതിഷേധിച്ചു. തെലങ്കാനയിൽ ഒാൾ ഇന്ത്യ കിസാൻ മസ്ദൂർ സഭ സമരങ്ങൾക്ക് നേതൃത്വം നൽകി.
തമിഴ്നാട്ടിൽ നാഷനല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്സ് ലിങ്ക് അഗ്രികള്‍ച്ചറല്‍ അസോസിയേഷെൻറ നേതൃത്വത്തിൽ ആത്മഹത്യ ചെയ്ത പൂർവികരായ കർഷകരുടെ തലയോട്ടികളുമായാണ് സമരത്തിന് ഇറങ്ങിയത്. കർണാടകയിലും വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.