ബന്ദ്: മംഗളൂരുവിൽ ജനജീവിതം സ്തംഭിച്ചു; ബസിന് നേരെ കല്ലേറ്
text_fieldsമംഗളൂരു: ഭാരത് ബന്ദിൽ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നടത്തിയില്ല. രാവിലെ ഓടിയ ഏതാനും ബസുകൾ പല ഭാഗത്തും കല്ലേറുകൾ അറിഞ്ഞതോടെ സർവീസ് നിർത്തി.
ശിവഭാഗ് മേഖലയിലും പമ്പ് വെൽ സർക്കിളിലും സ്വകാര്യ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ശിവഭാഗിൽ തുറന്ന് പ്രവർത്തിച്ച ഹോട്ടൽ ബന്ദനുകൂലികൾ എറിഞ്ഞ് തകർത്തു. പമ്പ് വെൽ സർക്കിളിൽ അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജ്യോതി സർക്കിളിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ ബന്ദ് അനുകൂലികൾ തടഞ്ഞു.
ജാക്രിബെട്ടു, ബണ്ട്വാൾ, കല്ലട്ക്ക, മാണി, തുംബെ എന്നിവിടങ്ങളിൽ ബന്ദനുകൂലികളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഉള്ളാൾ നാട്ടക്കൽ റോഡിൽ കാറുകൾ നിരത്തിയിട്ട് ബന്ദനുകൂലികൾ സൃഷ്ടിച്ച മാർഗ തടസ്സം നീക്കാനെത്തിയ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
മംഗളൂരുവിൽ നിന്ന് യാത്രക്കാരുമായി പോയ ബസ് ഉടുപ്പി സ്റ്റാന്‍റിൽ ബന്ദനുകൂലികൾ തടഞ്ഞു. മുന്നോട്ട് പോവാനാവാത്തതിനാൽ യാത്രക്കാരെ ഇറക്കിവിട്ടു.
ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഡെപ്യൂട്ടി കമീഷണർമാർ അവധി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.