ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവ അർഥമാക്കുന്നത് സ്നേഹം, സ്നേഹം ഉയർന്നു പറക്കട്ടെ -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഭാരത് വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ എന്നിവ അർഥമാക്കുന്നത് സ്നേഹമാണെന്ന് രാഹുൽ വ്യക്തമാക്കി. സ്നേഹം ഉയർന്നു പറക്കട്ടെ എന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജി20 രാജ്യങ്ങളിലെ നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്തിലാണ് രാഷ്ട്രപതി ദ്രൗപതി മുർമു 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് ഉൾപ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളിൽ 'പ്രസിഡന്‍റ് ഓഫ് ഇന്ത്യ' എന്നാണ് ഉൾപ്പെടുത്തിയിരുന്നത്.
അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാൽ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയുടെ കുറിപ്പും വാർത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെ, ഇന്ത്യ എന്ന രാജ്യത്തിന്‍റെ പേര് മാറ്റി ഭാരത് എന്നാക്കി മാറ്റാനുള്ള മോദി സർക്കാറിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഇൻഡ്യ എന്ന പേരിൽ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. 'അവർ ഇൻഡ്യയെന്ന പേരിനെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യൻ മുജാഹിദീൻ, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ- എല്ലാറ്റിലും ഇന്ത്യ ഉണ്ട്. ഇന്ത്യ എന്ന പേരുപയോഗിക്കുന്നതു കൊണ്ടുമാത്രം ഒരർത്ഥവും ഉണ്ടാകണമെന്നില്ല' എന്നാണ് മോദി പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.