ഉയർന്നു, പ്രതിപക്ഷ ഐക്യകാഹളം
text_fieldsശ്രീനഗർ: താഴ്വരയാകെ വെള്ളതൂകി രാവിലെ മുതൽ പൊഴിഞ്ഞ മഞ്ഞിലേക്കായിരുന്നു, ഭാരത് ജോഡോ യാത്രയുടെ പരിസമാപ്തിക്കായി നായകൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച ക്യാമ്പ് സൈറ്റിൽനിന്ന് ഇറങ്ങിയത്.
ശ്രീനഗർ നഗരത്തിലുള്ള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ അദ്ദേഹം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി, ശങ്കരാചാര്യ ഹിൽസിലെ ഷേറെ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കു തിരിച്ചു. ‘
‘എനിക്കുവേണ്ടിയല്ല, ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ് ഭാരത് ജോഡോ യാത്ര. രാജ്യത്തിന്റെ അടിസ്ഥാനങ്ങൾ തകർക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെ നിൽക്കുകയാണ് നമ്മുടെ ദൗത്യം’’ -കോൺഗ്രസ് നേതാക്കളും വിവിധ പ്രതിപക്ഷനേതാക്കളും അണിനിരന്ന വേദിയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
22 പാർട്ടികളെ ക്ഷണിച്ചതിൽ സി.പി.എമ്മും തൃണമൂൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒഴികെയുള്ളവയെല്ലാം പങ്കെടുത്ത യാത്ര സമാപന സമ്മേളനം വരാനിരിക്കുന്ന കൂട്ടായ്മയുടെ വിളംബരംകൂടിയായി.
പങ്കെടുക്കുമെന്ന് അറിയിച്ച ഏതാനും നേതാക്കൾക്ക് കടുത്ത കാലാവസ്ഥ കാരണം വരാൻ കഴിഞ്ഞിരുന്നില്ല. വ്യക്തിഗതമായും രാഷ്ട്രീയപരമായും സംസാരിച്ച രാഹുൽ, രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കെതിരാണ് യാത്രയെന്ന് പ്രത്യക്ഷത്തിൽ പ്രഖ്യാപിച്ചതാണ് ശ്രദ്ധേയമായത്.
‘‘ജമ്മുവിലും കശ്മീരിലും ഇത്തരമൊരു യാത്ര ഒരു ബി.ജെ.പി നേതാവും നടത്തില്ലെന്ന് എനിക്ക് ഉറപ്പുപറയാനാകും. അവർക്കതിന് അനുമതി ലഭിക്കാത്തതു മാത്രമാകില്ല, അവർ ചകിതരായതുകൊണ്ടുകൂടിയാണ്’’ -രാഹുൽ പരിഹസിച്ചു.
കശ്മീരിലൂടെ പദയാത്ര പാടില്ലെന്നും ആക്രമിക്കപ്പെടുമെന്നും തനിക്ക് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘‘ഇതേപ്പറ്റി ഞാൻ ചിന്തിച്ചു. പിന്നെ തീരുമാനിച്ചു, എന്റെ വീട്ടിൽ എന്റെ ജനങ്ങൾക്കൊപ്പം നടക്കാൻ. എന്റെ ശത്രുക്കൾക്ക് എന്റെ കുപ്പായത്തിന്റെ നിറം ചുവപ്പിക്കാൻ ഒരു അവസരം എന്തിനു നൽകാതിരിക്കണം.
കശ്മീരിലെ ജനങ്ങൾ ഹാൻഡ് ഗ്രനേഡുകളല്ല, ഹൃദയം നിറഞ്ഞ സ്നേഹം മാത്രമാണ് നൽകിയത്’’ -രാഹുൽ വികാരഭരിതനായി പറഞ്ഞു. പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം രാഹുൽ ഗാന്ധിയുടെ അസാധാരണ യാത്രയെ അഭിനന്ദിക്കുന്നതിനും സമാപന സമ്മേളന വേദി സാക്ഷിയായി.
രാഹുലിൽ പ്രതീക്ഷയേറെയാണെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയും അഭിപ്രായപ്പെട്ടു. യാത്രയുടെ തുടക്കംകുറിച്ച് ഒപ്പമുണ്ടായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതിനിധിയായാണ് താനെത്തിയതെന്ന് ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി പറഞ്ഞു. ജോഡോ യാത്ര ചരിത്രപരമായ ഒരു മുന്നേറ്റമാണെന്ന് ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.