ഭാരത് ജോഡോ യാത്ര തന്നെയും രാജ്യത്തെയും കുറിച്ച് തനിക്ക് ധാരണ നൽകുമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ നിന്ന് താൻ പൂർണമായും പുറത്തല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാൻ പാർട്ടി അധ്യക്ഷനാകുമോ ഇല്ലയോ എന്നത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വ്യക്തമാകും' - 2024-ലെ ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രാരംഭഘട്ട പ്രചാരണമായ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ പറഞ്ഞു.
പാർട്ടി അധ്യക്ഷന്റെ കാര്യത്തിൽ, എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടുണ്ട്. ആശയക്കുഴപ്പമൊന്നുമില്ല. ഈ യാത്ര എന്നെയും രാജ്യത്തെയും കുറിച്ച് എനിക്ക് കൂടുതൽ ധാരണ നൽകും. ഈ രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ അറിവുള്ളവനാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 17 നാണ് നടക്കുക. രണ്ട് ദിവസത്തിന് ശേഷം വോട്ടെണ്ണും. സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
2019ലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാം തവണയും അധികാരമേറ്റതിനു പിറകെ കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കുകയായിരുന്നു.
അതേസമയം, കോൺഗ്രസിന് ഗാന്ധിമാരല്ലാത്ത അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി നേതാക്കളാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. കപിൽ സിബൽ, അശ്വനി കുമാർ, ഗുലാം നബി ആസാദ് എന്നിവർ അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. രാഹുലിന്റെ അപക്വമായ പെരുമാറ്റവും പാർട്ടിയെ ഭരിക്കാനുള്ള പരിചയക്കുറവും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഗുലാം നബി ആസാദ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.