പേടികൂടാതെ ജീവിക്കൂ, രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്; വികാരഭരിതനായി രാഹുൽ, ഭാരത് ജോഡോ യാത്രക്ക് സമാപനം
text_fieldsശ്രീനഗര്‍: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശ്രീനഗറില്‍ സമാപിച്ചു. കനത്ത മഞ്ഞുവീഴ്ചക്കിടെ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകളാണ് രാഹുലിനെ കേൾക്കാനെത്തിയത്. സമ്മേളനം നടന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നിട്ടും ഉൗർജസ്വലനായാണ് രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്തത്.
രാജ്യത്തിന്റെ ശക്തി നിങ്ങളോടൊപ്പമുണ്ട്. ജീവിക്കുകയാണെങ്കിൽ പേടി കൂടാതെ ജീവിക്കണം. അതാണ് കുടുംബവും ഗാന്ധിജിയും എന്നെ പഠിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും രാഹുല്‍ ഓര്‍മിച്ചു. മോദി, അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കൾക്ക് ഇത് മനസിലാകില്ല. എനിക്കും സഹോദരിക്കും മനസിലാവും. ബി.ജെ.പിയിലെ നേതാക്കൾ കാശ്മീരിലൂടെ യാത്ര ചെയ്യില്ല. കാരണം കശ്മീരിലുള്ളവരുടെ സങ്കടം ബി.ജെ.പി നേതാക്കൾക്ക് മനസ്സിലാക്കാനാവില്ല.
രാജ്യം മുഴുവന്‍ പദയാത്ര നടത്തുന്നത് ഒരു പ്രശ്‌നമായി തോന്നിയില്ല. ഒട്ടേറെ മനുഷ്യരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. എത്രയോ സ്ത്രീകള്‍ കരഞ്ഞുകൊണ്ട് അവരുടെ ജീവിതം വിവരിച്ചു.തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇല്ലാതെ തണുത്തു വിറച്ചു നാലു കുട്ടികൾ അടുത്ത് വന്നു. ആ നിമിഷം മുതലാണ് ജാക്കറ്റോ സ്വെറ്ററോ ഇല്ലാതെ അവരെ പോലെ നടക്കാൻ തുടങ്ങിയത്.
കശ്മീരില്‍ വാഹനത്തില്‍ മാത്രമേ സഞ്ചരിക്കാന്‍ കഴിയൂവെന്ന് സുരക്ഷാസേനാ അറിയിച്ചു. എന്നാല്‍, കശ്മീരിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ എത്തിയ വികാരമായിരുന്നുവെന്ന് വികാരഭരിതനായി രാഹുല്‍ പറഞ്ഞു.ജനപിന്തുണയിലാണ് യാത്ര പൂർത്തിയാക്കിയത്. നടന്നപ്പോൾ കാൽമുട്ടിനു വേദന അനുഭവപെട്ടിരുന്നു.ആ വേദന പോലും മറന്നത് യാത്രക്കിടയിൽ ലഭിച്ച പിന്തുണയിലാണ്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന സമ്മേളത്തിൽ പങ്കെടുത്തു. പ്രതിപക്ഷ നിരയിലെ പ്രമുഖ പാര്‍ട്ടി നേതാക്കൾ ഉൾപ്പെടെ കശ്മീരിലെ നേതാക്കളായ ഫറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി എന്നിവരും പ്രിയങ്ക ഗാന്ധിയും സമ്മേളനത്തില്‍ സംസാരിച്ചു. 136 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്ര 4080 കിലോമീറ്ററോളം പിന്നിട്ടാണ് കശ്മീരിലെത്തിയത്. 2022 സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയില്‍ നിന്നു രാഹുല്‍ ഗാന്ധി യാത്ര തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.