വീൽചെയർ തള്ളിയും ബുള്ളറ്റ് ഓടിച്ചും രാഹുൽ ഗാന്ധി
text_fieldsഇൻഡോർ: മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ അഞ്ചാം ദിവസം വീൽചെയറിൽ തന്നെ കാണാനെത്തിയയാളെ സഹായിച്ചും ബുള്ളറ്റ് ഓടിച്ചും ജനങ്ങളെ കൈയിലെടുത്ത് രാഹുൽ ഗാന്ധി. ഇന്നലെ ഇന്ദോറിലാണ് ഭിന്നശേഷിക്കാരനായ മനോഹർ, രാഹുൽ ഗാന്ധിയെ കാണാനും യാത്രയിൽ പങ്കാളിയാവാനും എത്തിയത്. യാത്രക്കിടെ വീൽചെയറിലിരിക്കുന്ന മനോഹറിനെ രാഹുൽ ഗാന്ധി തള്ളിക്കൊണ്ടുപോവുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
രാജ്യത്തിന് ഇപ്പോൾ ഒരു മാറ്റം ആവശ്യമാണെന്ന് താൻ രാഹുൽ ഗാന്ധിയോട് പറഞ്ഞതായി മനോഹർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യാത്രയുടെ സുരക്ഷക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഇൻഡോർ പൊലീസ് കമീഷണർ എച്ച്. സി മിശ്ര അറിയിച്ചു. രാജ്വാഡ മേഖലയിലെ തകർച്ചഭീഷണി നേരിടുന്ന 12 വീടുകൾ സുരക്ഷയുടെ ഭാഗമായി താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. യാത്ര ഇൻഡോറിലെത്തുമ്പോൾ ബോംബ് സ്ഫോടനം നടത്തുമെന്നും രാഹുൽ ഗാന്ധിയെയും കമൽനാഥിനെയും കൊലപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി പൊലീസിന് നേരത്തേ ഭീഷണിക്കത്ത് ലഭിച്ചിരുന്നതിനാൽ കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
മഹൂമിൽ തന്നെ കാണാനെത്തിയ അനുയായികളുടെ ബുള്ളറ്റ് രാഹുൽ ഓടിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.