ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവച്ചു; ഭരണകൂടം മതിയായ സുരക്ഷ ഉറപ്പാക്കിയില്ല
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താൽകാലികമായി നിർത്തിവെച്ചു. മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ ജോഡോ യാത്ര നിർത്തിവെച്ചത്.
രാവിലെ ജമ്മുവിലെ പര്യടനം തുടങ്ങി ബനിഹാൽ ടവറിൽ വെച്ചാണ് സുരക്ഷ ഒരുക്കിയിരുന്ന സി.ആർ.പി.എഫ് സേനാംഗങ്ങളെ പിൻവലിച്ചതെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തുടർന്ന് രാഹുൽ ഗാന്ധിക്ക് മാത്രമായി ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് യാത്രയിൽ തുടർന്നത്.
ഇതേതുടർന്ന് വൻ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറുകയും രാഹുലിന്‍റെ സമീപത്തേക്ക് വരുകയും ചെയ്തു. ഇതോടെ, യാത്ര താൽകാലിമായി നിർത്തിവെച്ച് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റി. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം.
സംഭവം വലിയ സുരക്ഷാപാളിച്ചയാണെന്നും പൊലീസ് നിഷ്ക്രിയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സുരക്ഷ ഒരുക്കിയിരുന്ന സി.ആർ.പി.എഫ് സേനാംഗങ്ങളെ മുന്നറിയിപ്പില്ലാതെ സർക്കാർ പിൻവലിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, നാഷണൽ കോൺഫറസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ലുല്ല ജോഡോ യാത്രയിൽ പങ്കെടുത്തു. രാഹുലിനൊപ്പം വെളുത്ത നിറത്തിലുള്ള ടീഷർട്ട് ധരിച്ചാണ് പദയാത്രയുടെ ഭാഗമായത്.
ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താത്ത കേന്ദ്ര സർക്കാർ നടപടിയെ ഒമർ അബ്ദുല്ല രൂക്ഷമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് നടക്കാതായിട്ട് എട്ട് വർഷം കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള നടപടി. ഏറ്റുമുട്ടൽ നടന്നിരുന്ന കാലത്തേക്കാൾ മോശമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഒമർ അബ്ദുല്ല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.