‘അവർ എല്ലാ മാർഗങ്ങളും തടഞ്ഞപ്പോൾ രാജ്യത്തുടനീളം നടക്കാൻ ഞങ്ങൾ തീരുമാനിച്ചു’; ‘ജോഡോ യാത്ര’യെ കുറിച്ച് രാഹുൽ
text_fieldsഡാലസ് (യു.എസ്): രാഷ്ട്രീയത്തിൽ ‘പ്രണയം’ എന്ന ആശയം അവതരിപ്പിച്ചത് ‘ഭാരത് ജോഡോ യാത്ര’യാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡാലസിലെ ടെക്സാസ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായി സംവദിക്കവെയാണ് ‘ഭാരത് ജോഡോ യാത്ര’ നടത്തുന്നതിന്‍റെ കാരണത്തെ കുറിച്ച് കോൺഗ്രസ് നേതാവ് വാചാലനായത്.
ഇന്ത്യയിലെ എല്ലാ ആശയവിനിമയ മാർഗങ്ങളും അവർ തടസപ്പെടുത്തി. ഞങ്ങൾ എന്ത് ചെയ്താലും അതെല്ലാം തടഞ്ഞു. ഞങ്ങൾ പാർലമെന്‍റിൽ സംസാരിച്ചു, അത് മാധ്യമങ്ങളിൽ വരുന്നില്ല. ഞങ്ങൾ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ല. അതിനാൽ, ഞങ്ങളുടെ എല്ലാ മാർഗങ്ങളും വളരെക്കാലം അടഞ്ഞുപോയി. എങ്ങനെ ആശയവിനിമയം നടത്തണമെന്ന് ഞങ്ങൾക്ക് മനസിലായില്ല. രാജ്യത്തുടനീളം നടക്കുന്നതിനേക്കാൾ മികച്ച മാർഗം എന്താണെന്നും രാഹുൽ ചോദിച്ചു.
ഉൽപാദനത്തെയും ഉൽപാദനം സംഘടിപ്പിക്കുന്നതിനെയും കുറിച്ചും ഇന്ത്യ ചിന്തിക്കണം. ഉൽപാദനം ചൈനക്കാരിലോ വിയറ്റ്നാമീസിലോ ബംഗ്ലാദേശികളിലോ കേന്ദ്രീകരിക്കുന്ന് ഇന്ത്യ പറയുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഗണിക്കാതെ തന്നെ ടെക്സ്റ്റൈൽസ് രംഗത്ത് ബംഗ്ലാദേശ് നമ്മെ മറികടക്കുന്നു.
ഒരു ജനാധിപത്യ അന്തരീക്ഷത്തിൽ എങ്ങനെ ഉൽപാദനം നടത്താമെന്ന് നാം പുനർവിചിന്തനം ചെയ്യണം. ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയെ നേരിടേണ്ടിവരും. മറികടക്കാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം. നമ്മൾ ഈ മാർഗത്തിലൂടെ മുന്നോട്ട് പോയാൽ, ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പിലും വൻതോതിലുള്ള സാമൂഹിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് കാണേണ്ടി വരുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ഉൽപാദനം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും എന്നാൽ, ഇന്ത്യ ഉപഭോഗം ആസൂത്രണം ചെയ്യുന്നതാണ് ആശങ്കക്ക് കാരണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പാണ് പ്രവാസി സമൂഹവും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്. ലോക്സഭ പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുൽ ഗാന്ധി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി അർഥവത്തായ ചർച്ചകളിലും സംഭാഷണങ്ങളിലും ഏർപ്പെടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രാഹുൽ എക്സിൽ കുറിച്ചത്.
ഡാലസിലെ ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണ് പ്രവാസി ഇന്ത്യക്കാരെ രാഹുൽ അഭിസംബോധന ചെയ്യുന്നത്. അമേരിക്കൻ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും. സെപ്റ്റംബർ ഒമ്പതിനും പത്തിനും വാഷിങ്ടൺ ഡിസിയിലെ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.