ഭാരത് ജോഡോ യാത്ര പുതുചരിത്രമെന്ന് നിരീക്ഷകർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വംനൽകിയ ‘ഭാരത് ജോഡോ യാത്ര’ അവസാനിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ ഇതിനുമുമ്പ് നടന്ന യാത്രകളേക്കാൾ ജനപ്രീതിയാർജിക്കാനായെന്ന് നിരീക്ഷകർ.
മുൻ പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖർ, രാജീവ് ഗാന്ധി, ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ. അദ്വാനി, ബി.ജെ.പി അധ്യക്ഷനായിരുന്ന മുരളി മനോഹർ ജോഷി തുടങ്ങിയവർ വിവിധ യാത്രകൾ നടത്തിയെങ്കിലും വെല്ലുവിളികളെ അതിജീവിച്ച് രാഹുൽ ഗാന്ധി നടത്തിയ യാത്ര സംഘടനയെ പുനരുജ്ജീവിപ്പിക്കാനും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും ഇടയാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
1983 ജനുവരി ആറിന് അന്നത്തെ ജനതാ പാർട്ടി നേതാവായിരുന്ന ചന്ദ്രശേഖർ നയിച്ച ഭാരത് യാത്രയും ആരംഭിച്ചത് കന്യാകുമാരിയിൽനിന്നായിരുന്നു. ആറുമാസത്തിനു ശേഷമാണ് ആ യാത്ര ഡൽഹിയിൽ സമാപിച്ചത്.
പദയാത്ര വലിയ തോതിൽ വിജയിച്ചതായി നിരീക്ഷകർ വിലയിരുത്തുന്നുണ്ടെങ്കിലും, ഇന്ദിര ഗാന്ധിയുടെ കൊലപാതകംപോലുള്ള നാടകീയ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടർന്ന് 1984 ലെ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്ക് അതിന്റെ നേട്ടം കൊയ്യാനായില്ല.
പിന്നീട് 1985ൽ അന്നത്തെ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായ രാജീവ് ഗാന്ധി കോൺഗ്രസ് സന്ദേശ് യാത്ര നടത്തി. മുംബൈ, കശ്മീർ, കന്യാകുമാരി തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് ഒരേസമയം ആരംഭിച്ച നാല് യാത്രകൾ മൂന്ന് മാസത്തിലധികം നീണ്ട യാത്രക്കുശേഷം ഡൽഹി രാംലീല മൈതാനിയിൽ സമാപിച്ചു.
പിന്നീട് ബി.ജെ.പി നേതാവ് ലാൽ കൃഷ്ണ അദ്വാനി രാമക്ഷേത്ര പ്രസ്ഥാനത്തിന് ആക്കംകൂട്ടുന്നതിനായി നടത്തിയ രഥയാത്ര രാഷ്ട്രത്തിന്റെ മതേതര ഭാഗധേയം മാറ്റിമറിച്ചു. ഇതേകാലത്ത് 1990 ഒക്ടോബർ 19ന് രാജീവ് ഗാന്ധി അഹ്മദാബാദിലെ ചാർമിനാറിൽനിന്ന് സദ്ഭാവന യാത്രക്ക് തുടക്കം കുറിച്ചു.
2003ൽ കോൺഗ്രസ് നേതാവ് വൈ.എസ്. രാജശേഖർ റെഡ്ഡി ആന്ധ്രപ്രദേശിൽ നടത്തിയ പദയാത്ര, 2004ൽ ബി.ജെ.പി നടത്തിയ ‘ഭാരത് ഉദയ് യാത്ര’, 2017ൽ വൈ.എസ്.ആർ.പി നേതാവ് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ‘പ്രജാ സങ്കൽപ യാത്ര’, അതേവർഷംതന്നെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിങ് നടത്തിയ ‘നർമദ പരിക്രമ യാത്ര’ തുടങ്ങിയവയാണ് മുമ്പു നടന്ന മറ്റു പ്രധാന യാത്രകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.