ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് 200ൽപരം പ്രമുഖർ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യത്തിനും ആസൂത്രിതമായി പരിക്കേൽപിക്കുന്നതിനെ പ്രതിരോധിക്കാൻ കോൺഗ്രസ് തുടങ്ങുന്ന ഭാരത് ജോഡോ യാത്രയേയും മറ്റു സംഘടനകളുടെ സമാന ഉദ്യമങ്ങളെയും പിന്തുണക്കണമെന്ന് 200ൽപരം പ്രമുഖർ.
ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മര്യാദയും അവമതിക്കപ്പെടുന്നതിനെതിരെ പൊതുബോധം ഉണർത്താനാണ് കോൺഗ്രസ് മാർച്ച്. മുമ്പൊരിക്കലും രാജ്യത്തിന്‍റെ മൂല്യങ്ങൾ ഇത്രമേൽ ആക്രമണം നേരിട്ടിട്ടില്ല. വിദ്വേഷവും വിഭാഗീയതയും പുറന്തള്ളലും ഉണ്ടായിട്ടില്ല.
കർഷകരും ആദിവാസികളും തൊഴിലാളികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിൽനിന്ന് ഇത്തരമൊരു അകറ്റിനിർത്തൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. ഈ ഗുരുതര പ്രതിസന്ധിക്കിടയിലാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. നമ്മുടെ ഭരണഘടനാ മൂല്യങ്ങൾ തിരിച്ചു പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ മാർച്ചിന് കഴിയട്ടെയെന്ന് പ്രസ്താവനയിൽ ആശംസിച്ചു.
സ്വരാജ് ഇന്ത്യ സ്ഥാപകൻ യോഗേന്ദ്ര യാദവ്, ചലച്ചിത്രകാരൻ ആനന്ദ് പട്വർധൻ, മതേതര മുന്നണി നേതാവ് അനിൽ സദ്ഗോപാൽ, മനുഷ്യാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ്, അനുരാധ കപൂർ, മൃണാൾ പാണ്ഡെ, അഭിജിത് സെൻ ഗുപ്ത, സുജാത റാവു തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.