അവർ അസ്വസ്ഥരാണ്; ബി.ജെ.പിയെ പരിഹസിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ബി.ജെ.പി അസ്വസ്ഥരാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബി.ജെ.പി കന്നഡ പത്രത്തിൽ ഒന്നാം പേജ് പരസ്യം നൽകിയത് ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ ട്വീറ്റ്. പരസ്യം പതിവുപോലെ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
'ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ അസ്വസ്ഥരായ ബി.ജെ.പി ഒരു കന്നഡ പത്രത്തിൽ പതിവുപോലെ ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാം പേജ് പരസ്യം നൽകിയിട്ടുണ്ട്. സവർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ടുവച്ചു, ജിന്ന അത് നടപ്പാക്കുമെന്ന് ഉറപ്പാക്കി. ജൻ സംഘ് സ്ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയാണ് ബംഗാൾ വിഭജനത്തിന് നേതൃത്വം നൽകിയത്'-ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. വിഭജനത്തിന് കാരണം നെഹ്റുവും ജിന്നയും ആണെന്ന് ആരോപിക്കുന്ന പരസ്യമാണ് ബി.ജെ.പി നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് രാഹുൽഗാന്ധിയുടെ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഏഴ് ജില്ലകളിലൂടെ 500ലധികം കിലോമീറ്റർ ദൂരത്തിൽ രാഹുൽ കർണാടകയിലൂടെ സഞ്ചരിക്കും. കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം അവശേഷിക്കെയാണ് യാത്ര. ഭാരത് ജോഡോ യാത്രയിൽ നിന്ന് പുതിയ രാഹുൽ ഗാന്ധിയും പുതിയ കോൺഗ്രസ് പാർട്ടിയും ഉയർന്നുവരുമെന്ന് രമേശ് വെള്ളിയാഴ്ച പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.