ഭാരത് ജോഡോ യാത്ര ഇന്ന് ബെള്ളാരിയിൽ
text_fieldsബംഗളൂരു: 2023ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച കല്യാണ കർണാടക (ഹൈദരാബാദ്-കർണാടക) മേഖലയിലെ ബെള്ളാരിയിൽ പ്രവേശിക്കും.
കോൺഗ്രസിന്റെ പഴയ തട്ടകംകൂടിയായ ബെള്ളാരി കർണാടക രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മേഖലകൂടിയാണ്.
കന്യാകുമാരിയിൽനിന്നാരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 37ാം ദിനത്തിലാണ് 1000 കിലോമീറ്റർ പിന്നിട്ട് ബെള്ളാരി നഗരത്തിൽ പ്രവേശിക്കുക. അന്തരിച്ച ബി.ജെ.പി നേതാവ് സുഷമ സ്വരാജിനെ സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട മണ്ഡലമാണ് ബെള്ളാരി.
2008ലെ കർണാടകയിൽ ആദ്യമായി അധികാരത്തിലേറിയ ബി.ജെ.പി സർക്കാർ കുപ്രസിദ്ധമായ ഖനി അഴിമതിയിലടക്കം മുങ്ങിക്കുളിച്ചപ്പോൾ 'ചലോ ബെള്ളാരി' പദയാത്ര നയിച്ച് സിദ്ധരാമയ്യ 2013ൽ കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്ന ചരിത്രവും ബെള്ളാരിയുടെ ഓർമയിലുണ്ട്.
ജനാർദന റെഡ്ഡിയും സഹോദരന്മാരും തീർത്ത ബി.ജെ.പി സ്വാധീനത്തിൽനിന്ന് 30 നിയമസഭ മണ്ഡലങ്ങളുള്ള ബെള്ളാരിയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം കോൺഗ്രസിനുണ്ട്. വെള്ളിയാഴ്ച ബെള്ളാരിയിൽ വൻ റാലി കോൺഗ്രസ് സംഘടിപ്പിക്കും. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ, കർണാടക നേതാക്കളും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ തുടങ്ങിയ ദേശീയ നേതാക്കളും പങ്കെടുക്കും.
വ്യാഴാഴ്ച ചിത്രദുർഗ ജില്ലയിൽ ഭാരത് ജോഡോ യാത്ര തുടർന്നു. കർഷകരെ നേരിൽകണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞും പരാതികളും സങ്കടങ്ങളും കേട്ടുമായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.