കുട്ടനാടിന്റെ ‘നാഥന്’ പരമോന്നത ബഹുമതി
text_fieldsആലപ്പുഴ: കാർഷികശാസ്ത്രജ്ഞൻ അന്തരിച്ച ഡോ. എം.എസ്. സ്വാമിനാഥന് രാജ്യത്തിന്റെ പരമോന്നത ബഹുമതി കിട്ടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലും കുട്ടനാട്ടുകാർ. നാടിന്റെ തനത് കാർഷിക സമ്പ്രദായം പുനരുജ്ജീവിപ്പിക്കാൻ കഠിനാധ്വാനം നടത്തി കുട്ടനാടിന്റെ യശസ്സ് ഉയർത്തിയ പ്രതിഭാശാലിയായ കാർഷിക ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.എസ്. സ്വാമിനാഥൻ.
തമിഴ്നാട്ടിലും കേരളത്തിലുമായി ബാല്യം പകുത്ത് വളർന്ന ബാലന് തഞ്ചാവൂരിലെയും കുട്ടനാട്ടിലെയും വയൽക്കാഴ്ചകൾ ഒരുപോലെയായിരുന്നു. അത് സമ്മാനിച്ചത് ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രമായിരുന്നു.
ലോകത്തെ മനുഷ്യരെ ഊട്ടുന്നവരുടെ ഒട്ടിയ വയറുകൾക്ക് ഒരിക്കലും നിറച്ചുണ്ണാനാകാത്തത് എന്തുകൊണ്ടാണ്?. ഈ ചോദ്യത്തിന് ഉത്തരം മാത്രമല്ല, പരിഹാരവും കണ്ടെത്തിയാണ് സ്വാമിനാഥൻ ഹരിതവിപ്ലവത്തിന്റെ നായകനായത്. മരണാനന്തരം ആദരസൂചകമായി സംസ്ഥാന സർക്കാർ കുട്ടനാട്ടിലെ മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിന്റെ പേര് എം.എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണകേന്ദ്രമെന്ന് മാറ്റിയിരുന്നു.
ആലപ്പുഴ മങ്കൊമ്പ് കൊട്ടാരത്തുമഠം കുടുംബാംഗമായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്. സ്വാമിനാഥൻ തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്. കൃഷിശാസ്ത്രജ്ഞന്റെ മനസ്സിലും ചിന്തയിലും എക്കാലത്തും ഇടം നേടിയത് ആലപ്പുഴയും കുടുംബവീടുള്ള മങ്കൊമ്പുമായിരുന്നു. അതിനാൽ കുട്ടനാടിന്റെ ശാശ്വതരക്ഷക്ക് അഹോരാത്രം പണിയെടുത്ത് ഉണ്ടാക്കിയതാണ് കുട്ടനാട് പാക്കേജ്.
പിതാവിന്റെ മരണശേഷവും ഡോ. എം.എസ്. സ്വാമിനാഥൻ അവധിക്കാലം ചെലവഴിക്കാൻ മങ്കൊമ്പിലെ കൊട്ടാരംമഠത്തിൽ തറവാട്ട് വീട്ടിൽ എത്തുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.