രഥയാത്ര നായകൻ; ഇനി ‘ഭാരതരത്നം’
text_fieldsന്യൂഡൽഹി: പള്ളി-അമ്പല തർക്കം തീക്കാറ്റാക്കിയ രഥയാത്രയിലൂടെ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിലേക്ക് ഇന്ത്യയെ വഴിനടത്തിയ ബി.ജെ.പിയുടെ സ്ഥാപക സാരഥി ഇനി ഭാരതരത്നം. ബാബരി മസ്ജിദ് പൊളിച്ച കേസിൽ പ്രതിപ്പട്ടികയിലായിരുന്ന അദ്വാനിയെ 96ാം വയസ്സിൽ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകി മോദി സർക്കാർ ആശ്ലേഷിക്കുന്നത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്ക് പിന്നാലെ; ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്.
ഭാരതരത്ന പ്രഖ്യാപനം രാഷ്ട്രപതിഭവനിലൂടെ ഔദ്യോഗികമായി ആദ്യം പുറത്തുവിടുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെറ്റിച്ചതിൽതന്നെ അതിന്റെ രാഷ്ട്രീയ വ്യഗ്രതയും തെളിഞ്ഞുകത്തി. രഥയാത്ര തടഞ്ഞ് തന്നെ അറസ്റ്റു ചെയ്ത ലാലുപ്രസാദിന്റെ ബിഹാറിൽനിന്ന് തൊട്ടുപിന്നാലെ അദ്വാനിക്ക് കിട്ടിയ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അഭിനന്ദന ഫോൺ കോളാകട്ടെ, രാജ്യത്തെ മാറിപ്പോയ രാഷ്ട്രീയ ചിത്രം കൂടിയാണ് വരച്ചിട്ടത്. ‘രാഷ്ട്രനിർമാണത്തിൽ അദ്വാനിയുടെ സംഭാവന’ തങ്ങൾക്ക് നൽകിയ പ്രചോദനത്തെക്കുറിച്ചാണ് ഇരുവരും എടുത്തുപറഞ്ഞത്. അദ്വാനിയല്ലെങ്കിൽ രണ്ടുപേർക്കും ഇന്ന് ഇരിക്കുന്ന കസേരകളിൽ എത്താനും കഴിയുമായിരുന്നില്ല.
അത്തരമൊരു വളർച്ചക്ക് ഒരു കാലത്ത് താങ്ങും തണലുമായി നിന്ന ‘കാരണവർ’ക്കുള്ള പാരിതോഷികമാണ് നരേന്ദ്ര മോദി സമ്മാനിക്കുന്നത്. രാഷ്ട്രീയമായി ബി.ജെ.പിക്ക് പ്രയോജനപ്പെടുകകൂടി ചെയ്യുന്ന ഏറ്റവും യോജിച്ച സന്ദർഭം അതിന് തെരഞ്ഞെടുക്കാൻകൂടി മോദി ശ്രദ്ധിച്ചു. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം ഉയർന്നു. അതിനു നിമിത്തമായി മാറിയ നേതാവിന് രാജ്യത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ചു. രണ്ടും ഹിന്ദുത്വ കർസേവകരുടെയും അനുഭാവികളുടെയും മനസ്സിലും വോട്ടുകളത്തിലും ആഹ്ലാദത്തിന്റെ പുതിയ ‘താമര’ വിരിയിക്കുമെന്നാണ് കണക്കുകൂട്ടൽ.
ആർ.എസ്.എസിലായിരുന്ന മോദിയെ ബി.ജെ.പിയിൽ നേതൃമുഖമാക്കി വളർത്തിയതും ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ സഹായിച്ചതും അദ്വാനിയാണ്. 2002ലെ ഗുജറാത്ത് വംശഹത്യക്കാലത്ത് നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രിക്കസേര തെറിക്കാതെ നോക്കിയതും അന്നത്തെ ആഭ്യന്തര മന്ത്രിയും വാജ്പേയി മന്ത്രിസഭയുടെ നെടുംതൂണുമായിരുന്ന അദ്വാനിതന്നെ. മുഖ്യമന്ത്രിയോട് ‘രാജധർമം’ ഉപദേശിച്ച് വാജ്പേയിക്ക് മാറിനിൽക്കേണ്ടിവന്നു. രാഷ്ട്രപതി കെ.ആർ നാരായണൻ എഴുതിയ കത്തിനും ഒരു വിലയുമുണ്ടായില്ല. ഗാന്ധിനഗർ മണ്ഡലത്തിൽനിന്ന് 2019 വരെ അദ്വാനി ലോക്സഭയിൽ ഉണ്ടെന്ന് ഉറപ്പാക്കി കടപ്പാട് മോദി തീർത്തു.
എന്നാൽ, പ്രധാനമന്ത്രി കസേരയിലേക്കുള്ള തന്റെ രഥയാത്രയിൽ കാരണവ ഗണത്തിലെ അദ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരെ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പേ മോദി ഒതുക്കിയത് പിന്നീടുള്ള ചരിത്രം. പ്രധാനമന്ത്രി സ്ഥാനാർഥിത്വം മാത്രമല്ല, പാർട്ടിയിലെ റോളും അദ്വാനിക്ക് കൈവിട്ടുപോയി. അധികാരത്തിൽ കൈകടത്താത്തവിധം അദ്വാനി-ജോഷിമാരെ ബി.ജെ.പിക്ക് മാർഗനിർദേശക മണ്ഡൽ ഉണ്ടാക്കി അതിൽ കുടിയിരുത്തി. മോദി-അമിത് ഷാമാരുടെ നിയന്ത്രണത്തിൻ കീഴിൽ ഈ ഉപദേശകസഭ പക്ഷേ, മൗനസഭ മാത്രമായി മാറിയെന്നതും ചരിത്രം.
അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് പങ്കെടുക്കാനുള്ള താൽപര്യം അദ്വാനി പരസ്യമായി പങ്കുവെച്ചിരുന്നതാണ്. എന്നാൽ, തണുപ്പു കാലാവസ്ഥമൂലം വരണ്ടെന്ന സ്നേഹവിലക്ക് രാമക്ഷേത്ര നിർമാണ ട്രസ്റ്റ് ഭാരവാഹികളിൽനിന്നാണ് അദ്വാനിക്ക് കിട്ടിയത്. ശിലാപൂജയിലെന്നപോലെ പ്രാണപ്രതിഷ്ഠയിലും ‘യജമാന’നായി മോദി മാത്രം നിറഞ്ഞുനിന്നു. എന്നാൽ, അയോധ്യ പ്രക്ഷോഭ നായകന് രാജ്യത്ത് ലഭ്യമായ അങ്ങേയറ്റത്തെ അംഗീകാരം നൽകാനും ഭരണം അവസരം നൽകുന്നുണ്ടെന്ന് മോദി തെളിയിക്കുമ്പോൾ, അദ്വാനി ഒതുക്കപ്പെട്ടുവെന്ന കർസേവകരുടെ തോന്നൽ മായുന്നു.
മോദിസർക്കാർ നൽകുന്ന ഏഴാമത്തെ ഭാരതരത്നമാണിത്. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ നായകമുഖങ്ങളായ വാജ്പേയിക്കും അദ്വാനിക്കും ഭാരതരത്ന സമ്മാനിച്ചു. ബിഹാറിലെ പിന്നാക്ക വിഭാഗം നേതാവ് കർപ്പൂരി താക്കൂർ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ആർ.എസ്.എസ് നേതാവ് നാനാജി ദേശ്മുഖ്, ഹിന്ദുമഹാസഭ സ്ഥാപകൻ മദൻ മോഹൻ മാളവ്യ, ബി.ജെ.പി മുൻ എം.പി ഭൂപൻ ഹസാരിക എന്നിവരാണ് മറ്റുള്ളവർ. പ്രധാനമായും സംഘ്പരിവാർ നേതാക്കൾക്കും സഹയാത്രികർക്കും നൽകിപ്പോരുന്ന പത്മ, ഭാരതരത്ന പുരസ്കാരങ്ങൾക്ക് ഇപ്പോൾ കാവിച്ചന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.