ട്രാക്ടർ മാർച്ചിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ; കർഷകരുടെ ശക്തി കാണിക്കണമെന്ന് ടികായത്ത്
text_fieldsമുസഫർനഗർ: മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം തുടരുന്നതിനിടെ ട്രാക്ടർ മാർച്ചിന് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ. ഫെബ്രുവരി 21ന് രാജ്യത്തെ ജില്ലാ കേന്ദ്രങ്ങളിൽ ട്രാക്ടർ മാർച്ച് നടത്തണമെന്നാണ് നിർദേശം.
സിസൗലിയിൽ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ബി.കെ.എസ് നേതാവ് രാകേഷ് ടികായത്താണ് ഇക്കാര്യം പറഞ്ഞത്. ട്രാക്ടർ മാർച്ചിൽ കർഷകരുടെ ശക്തി കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തലമുറകളേയും വിളകളേയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കിടയിലെ ഐക്യം തകർക്കാൻ നിരന്തരമായി കേന്ദ്രസർക്കാർ നടത്തുകയാണ്. എന്നാൽ, ഇത്തരം ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കർഷകർക്ക് കഴിഞ്ഞിട്ടുണ്ട്. തന്നെയും സ്വാധീനിക്കാനായി ആളുകൾ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
സമരം രൂക്ഷമാകുന്നതിനിടെ, മൂന്നംഗ കേന്ദ്രമന്ത്രിമാരുടെ സംഘം ഞായറാഴ്ച വീണ്ടും കർഷകരുമായി ചർച്ച നടത്തും. ചണ്ഡിഗഢിൽവെച്ച് തന്നെയാണ് നാലാംവട്ട ചർച്ചയും വിളിച്ചിരിക്കുന്നത്. മൂന്നാംവട്ട ചർച്ചയിൽ പുരോഗതിയുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് തീരുമാനം വൈകുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
മിനിമം താങ്ങുവില ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് ഒരു രാത്രിവേണ്ടെന്നും ആവശ്യം അംഗീകരിക്കുംവരെ സമരം ശക്തമാക്കുമെന്നും കർഷക നേതാക്കൾ ആവർത്തിച്ചു. സർക്കാർ ഉപഭോക്താവിലും ഉൽപാദകരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കോർപറേറ്റുകളിലുള്ള ശ്രദ്ധ കുറക്കുകയും ചെയ്താൽ ഈ പ്രശ്നം മുഴുവൻ പരിഹരിക്കാനാകുമെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.ഹരിയാന അതിർത്തിയിൽ ശനിയാഴ്ചയും കർഷകരും പൊലീസും ഏറ്റുമുട്ടി. ഞായറാഴ്ച ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുന്നതോടെ സംഘർഷം രൂക്ഷമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.