ഭാരതീയ ന്യായ സംഹിത: ഫോറൻസിക് മേഖലയിൽ 2254.43 കോടിയുടെ പദ്ധതി
text_fieldsന്യൂഡൽഹി: ഭാരതീയ ന്യായ സംഹിതയിലേക്ക് മാറുന്നതിന്റെ ഭാഗമായി 2254.43 കോടി രൂപയുടെ ‘നാഷനൽ ഫോറന്‍സിക് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്മെന്റ് സ്‌കീമിന് (എന്‍.എഫ്.ഐ.ഇ.എസ്) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ക്രിമിനൽ നീതിന്യായ പ്രക്രിയയിൽ തെളിവുകളുടെ സമയബന്ധിതവും ശാസ്ത്രീയവുമായ പരിശോധന ഉറപ്പുവരുത്താനും ഉയർന്ന നിലവാരമുള്ള ഫോറൻസിക് പ്രഫഷണലുകളെ വാർത്തെടുക്കാനുമുള്ള പദ്ധതിക്ക് ആവശ്യമായ തുക ആഭ്യന്തര മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതത്തില്‍നിന്ന് ലഭ്യമാക്കും.
നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ (എന്‍.എഫ്.എസ്.യു.) കാമ്പസുകള്‍, സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍ എന്നിവ രാജ്യത്തുടനീളം സ്ഥാപിക്കാനും എന്‍.എഫ്.എസ്.യുവിന്റെ ഡല്‍ഹി കാമ്പസിലെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ളതാണ് പദ്ധതി.
ഏഴ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ ജോലിഭാരം കൂടും. രാജ്യത്തെ ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ (എഫ്.എസ്.എൽ) നിലവിൽ പരിശീലനം ലഭിച്ച ഫോറൻസിക് വിദഗ്ധരുടെ എണ്ണം കുറവുമാണ്.
മഹാരാഷ്ട്രയിലെ ഡഹാണുവിനടുത്തുള്ള വാധ്വനിൽ വലിയ തുറമുഖം സ്ഥാപിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ വിമാനത്താവള വികസനത്തിന് 2869.65 കോടി രൂപയുടെ പദ്ധതികൾക്കും കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 7453 കോടി രൂപയുടെ ഓഫ് ഷോർ വിൻഡ് എനർജി പ്രൊജക്റ്റിനും അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.