ഭവാനിപുർ ഉപതെരഞ്ഞെടുപ്പ്: ബി.ജെ.പി സംഘം തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുരിലെ നിർണായക ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തി.
തൃണമൂൽ കോൺഗ്രസ് തങ്ങളുടെ അനുയായികൾക്കെതിരെ അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കമീഷനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. വോട്ടെടുപ്പ് തീയതിയായ സെപ്റ്റംബർ 30ന് നിരോധനാജ്ഞ പ്രഖ്യാപിക്കാനും എല്ലാ ബൂത്തുകളിലും സുരക്ഷ ഉറപ്പുവരുത്താൻ കുറഞ്ഞത് 40 കമ്പനികളുള്ള കേന്ദ്ര സേനയെ ഭവാനിപുരിൽ വിന്യസിക്കണമെന്നും സംസ്ഥാന പ്രാദേശിക പൊലീസിനോ ഹോം ഗാർഡിനോ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവ്, അനുരാഗ് താക്കൂർ, മുഖ്താർ അബ്ബാസ് നഖ്വി എന്നിവരടങ്ങിയ സംഘമാണ് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടത്.
ഉപതെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാം –ഹൈകോടതി
കൊൽക്കത്ത: സെപ്റ്റംബർ 30ലെ ഭവാനിപുർ ഉപതെരഞ്ഞെടുപ്പുമായി തെരഞ്ഞെടുപ്പു കമീഷനു മുന്നോട്ടുപോകാമെന്നും ഈ സമയത്ത് കമീഷെൻറ തീരുമാനങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കൽക്കട്ട ഹൈകോടതി.
തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്നും അല്ലെങ്കിൽ ഭരണഘടന പ്രതിസന്ധിയുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നടപടിയെ ഹൈകോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊതുജന സേവകൻ എന്ന നിലയിൽനിന്ന് അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ സേവകൻ എന്ന രൂപത്തിൽ സ്വയം പ്രതിഷ്ഠിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതുകയായിരുന്നു ചീഫ് സെക്രട്ടറി എച്ച്.കെ. ദ്വിവേദിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ പരാമർശം. തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതിയ ചീഫ് സെക്രട്ടറിയുടെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.